വിവാദങ്ങളില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ സിപിഐഎം കടുത്ത നടപടിയിലേക്കെന്ന് സൂചന. ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങളെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ക്ക് പിന്നാലെ ഗണേഷ് കുമാര്‍ ഇന്നലെ സിപിഐഎം നേതാക്കളെ ഫോണില്‍ വിളിച്ചിരുന്നു. കുടുംബപരമായ പ്രശ്‌നങ്ങളാണ് ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് വിശദീകരിക്കാനാണ് മന്ത്രി ശ്രമിച്ചത്. മാസങ്ങളായി ഭാര്യ തനിക്കൊപ്പമല്ല താമസമെന്നും കെ ബി ഗണേഷ് കുമാര്‍ നേതാക്കളെ ധരിപ്പിക്കാന്‍ ശ്രമിച്ചു.
എന്നാല്‍ ഗണേഷ് കുമാറിന്റെ വിശദീകരണം സിപിഐഎമ്മിന് തൃപ്തികരമല്ല. ഈ സാഹചര്യത്തില്‍ കടുത്ത തീരുമാനം പാര്‍ട്ടി എടുക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പ് കൂടി അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ഗണേഷ് രാജിവെക്കണമെന്ന വാദം എല്‍ഡിഎഫിനുണ്ട്. ആരോപണത്തോടുള്ള ഗണേഷ് കുമാറിന്റെ പ്രതികരണത്തിലും മുന്നണിയില്‍ അതൃപ്തിയുണ്ട്.
അതേസമയം കാര്യങ്ങൾ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് വിശദീകരിക്കാനാണ് ഗണേഷ് കുമാറിന്‍റെ ശ്രമം. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിന് മുമ്പ് കൂടിക്കാഴ്ച നടത്താനുള്ള ശ്രമമാണ് നടക്കുന്നത്. കുടുംബപരമായ പ്രശ്‌നങ്ങളാണ് തനിക്കെതിരായ ആരോപണത്തിന് പിന്നിലെന്ന് മുഖ്യമന്ത്രിയെ ധരിപ്പിക്കാനാണ് നീക്കം. ബിന്ദുവിന്റെ പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന നിലപാടും ഗണേഷ് കുമാറിനുണ്ട്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ 2013ല്‍ ഗണേഷിന്റെ രാജിക്ക് കാരണം അന്നത്തെ ഭാര്യയുടെ ഗാര്‍ഹിക പീഡന പരാതിയായിരുന്നു. അന്ന് മുഖ്യമന്ത്രി രാജി ചോദിച്ചുവാങ്ങുകയായിരുന്നു. 2014 ലാണ് ഗണേഷ് കുമാറും ബിന്ദുവും തമ്മിലുള്ള വിവാഹം നടക്കുന്നത്.
സംഭവവികാസങ്ങളില്‍ മുഖ്യമന്ത്രി വിശദീകരണം ചോദിച്ചില്ലെങ്കിലും വിവരങ്ങള്‍ ധരിപ്പിക്കാനുള്ള ബാധ്യതയുണ്ടെന്നാണ് കേരള കോണ്‍ഗ്രസ്-ബി നേതൃത്വത്തിന്റെ നിലപാട്. ഗണേഷ് കുമാര്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കുമോയെന്നതിൽ വ്യക്തയില്ല.
സംഭവ ദിവസം കൊട്ടാരക്കരയിലെ വീട്ടിലേക്ക് എത്തിയ പൊലീസ് സംഭവത്തില്‍ ഇടപെട്ടില്ലെന്ന ബിന്ദുവിന്റെ ആരോപണം അന്വേഷിക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് കൊല്ലം റൂറല്‍ എസ്പി ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍ തനിക്ക് ഒന്നല്ല, അയ്യായിരം പ്രണയങ്ങളുണ്ട്. വ്യക്തിപരമായ പ്രശ്‌നവും രാഷ്ട്രീയവും തമ്മില്‍ എന്താണ് ബന്ധം എന്നാണ് വിഷയത്തില്‍ ഗണേഷ് കുമാര്‍ പ്രതികരിച്ചത്.
കൊട്ടാരക്കര വാളകത്തെ വീടിന്റെ കിടപ്പുമുറിയില്‍ മന്ത്രിയെ കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും ചിത്രം പകര്‍ത്താന്‍ ശ്രമിച്ചതോടെ തന്നെ മന്ത്രിയുടെ സഹായികള്‍ തടഞ്ഞുവെന്നുമാണ് ഭാര്യ ബിന്ദു മേനോന്റെ ആരോപണം.



