കിടപ്പ് രോഗിയായ 84കാരിയെ കടിച്ച് കൊന്ന നായയെ വന്യജീവി സംരക്ഷകർ പിടികൂടി

എരുമപ്പെട്ടി വെള്ളറക്കാട് കൊല്ലന്‍പ്പടിയില്‍ കിടപ്പ് രോഗിയായ കാര്‍ത്ത്യായനിയെ വീടിനകത്ത് കയറി കടിച്ച് കൊല്ലുകയും ഇവരുടെ മകന്‍ മാനസികാസ്വാസ്ത്യമുള്ള ദേവദാസിനെ കടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയും ചെയ്ത തെരുവ് നായയെ പിടികൂടി. അനിമല്‍
റെസ്‌ക്യൂ ടീം അംഗം ബൈജു കടങ്ങോടിന്റെ നേതൃത്വത്തില്‍ എരുമപ്പെട്ടി പോലീസും നാട്ടുകാരും ജനപ്രതിനിധികളും ചേര്‍ന്ന് മണികൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവില്‍ ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് നായയെ പിടികൂടിയത്.

 

ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് കാര്‍ത്ത്യായനിയേയും മകനേയും വീടിനകത്ത് കയറി നായ ആക്രമിച്ചത്. മുഖവും കഴുത്തും ഉള്‍പ്പടെ ശരീരമാസകലം കടിയേറ്റ കാര്‍ത്ത്യായനി തല്‍ക്ഷണം മരിച്ചു. ദേവദാസിന് കാലിനാണ് കടിയേറ്റത്. കാല്‍പാദം കടിച്ച് കീറുകയും കാല്‍വിരലുകള്‍ കടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ ഒരു തൊഴിലാളിയേയും നിരവധി വളര്‍ത്ത് നായക്കളേയും തെരുവ് നായക്കളേയും കടിച്ചിരുന്നു.

ഒരു തവണ നായയെ വലയെറിഞ്ഞ് പിടിച്ചെങ്കിലും രക്ഷപ്പെട്ടു. തുടര്‍ന്ന് പുലര്‍ച്ചെ ഒരു മണിയോടെ വെള്ളറക്കാട് പള്ളിക്ക് സമീപം വെച്ച് പോലീസ് നായയെ കണ്ടെത്തുകയും ബൈജുവിന്റെ നേതൃത്വത്തില്‍ നാട്ടുകാരും പോലീസും ജനപ്രതിനിധികളും ചേര്‍ന്ന് പിടികൂടുകയായിരുന്നു. നായയെ വലയെറിഞ്ഞ് പിടികൂടുന്നതിനിടയില്‍ വീണ് സിവില്‍ പോലീസ് ഓഫീസര്‍ വിഷ്ണുവിന്റെ കൈയ്യിന് ചെറിയ രീതിയില്‍ പരുക്ക് പറ്റി.

നായയെ കടങ്ങോട് പഞ്ചായത്തിന്റെ ആംബുലന്‍സില്‍ മണ്ണുത്തി വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ട് പോയി. പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.എം. നൗഷാദ്, എരുമപ്പെട്ടി പോലീസ് ഇന്‍സ്‌പെക്ടര്‍ അനീഷ്‌കുമാര്‍,പഞ്ചായത്ത് മെമ്പര്‍മാരയ പ്രകാശന്‍ പേങ്ങാട്ടുപ്പാറ,വിഷയകുമാര്‍,സുഗിജ സുമേഷ്, ബ്ലോക്ക് മെമ്പര്‍ കെ.ആര്‍.സിമി, മുന്‍മെമ്പര്‍ അഭിലാഷ് കടങ്ങോട് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയിരുന്നു.

ADVERTISEMENT