‘കേരളത്തില്‍ ഇടം ലഭിക്കാത്ത ആര്‍.എസ്.എസും ബി.ജെ.പിയും പകപോക്കുകയാണ്’; മുഖ്യമന്ത്രി പിണറായി വിജയൻ

കഴിഞ്ഞ 10 വര്‍ഷം കേരളത്തില്‍ തുല്യതയില്ലാത്ത വികസനവും ക്ഷേമ പ്രവര്‍ത്തനവുമാണ് സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും ആളുകള്‍ ജീവിക്കാന്‍ കൊതിക്കുന്ന നാടായി കേരളം മാറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍.ഡി.എഫ് നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ഗുരുവായൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയപാത വികസനം ഉള്‍പ്പെടെ വന്‍ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കേരളത്തിനായി. 900 ത്തോളം സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കിയതു വഴി സേവനങ്ങള്‍ സുതാര്യവും അതിവേഗവുമാക്കി.

അധി ദാരിദ്ര്യമുക്ത സംസ്ഥാനം എന്നത് ഒറ്റ ദിവസം കൊണ്ട് നേടിയെടുത്തതല്ല. സര്‍ക്കാര്‍ ക്ഷേമപ്രവര്‍ത്തനങ്ങളുടെയും ദാരിദ്ര്യനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെയും നേടിയെടുത്തതാണ്. കേരളത്തില്‍ ഇടം ലഭിക്കാത്ത ആര്‍.എസ്.എസും ബി.ജെ.പിയും പകപോക്കുകയാണ്. ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട കേന്ദ്രവിഹിതം തരാതെ കേരളത്തെ വലയ്ക്കുകയാണ്. കടമെടുപ്പിന് പോലും പരിധി നിശ്ചയിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കേരളത്തെ കേന്ദ്രസര്‍ക്കാര്‍ ഞെരുക്കുമ്പോള്‍ ശബ്ദമുയര്‍ത്തേണ്ട യു.ഡി.എഫ് എം.പി മാര്‍ അത് കണ്ടില്ലെന്ന് നടിക്കുകയാണ് പാര്‍ലമെന്റില്‍ ചെയ്തത്. മതനിരപേക്ഷ മണ്ണായ ഗുരുവായൂരില്‍ വര്‍ഗ്ഗീയ വിഷം ചീറ്റുന്ന ബിജെപി നേതാവിന്റെ പ്രസ്താവന ഒറ്റപ്പെട്ടതല്ല. ഇവരുടെ വിഷം ചീറ്റല്‍ മതേതര മണ്ണായ ഗുരുവായൂരും കേരളവും തള്ളിക്കളയും. കഴിഞ്ഞ 10 വര്‍ഷകാലം കേരളത്തില്‍ വര്‍ഗീയ കലാപങ്ങളോ സംഘര്‍ഷങ്ങളോ ഉണ്ടായിട്ടില്ല. ഒട്ടേറെ നിക്ഷേപ സൗഹൃദ സംസ്ഥാനമായി മാറാന്‍ കേരളത്തിന് സാധിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവായൂര്‍ ക്ഷേത്രപ്രവേശന സത്യഗ്രഹ സ്മാരക ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.കെ. രാജേശ്വരന്‍ അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥികളായ എന്‍.കെ. അക്ബര്‍, ഗീത ഗോപി, സി. രവീന്ദ്രനാഥ്, ഗുരുവായൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുനിത അരവിന്ദന്‍, വൈസ് ചെയര്‍പേഴ്‌സന്‍ കെ.കെ. ജ്യോതിരാജ്, എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ സി. സുമേഷ്, ടി.ടി. ശിവദാസന്‍, എം. കൃഷ്ണദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT