29.9 C
Kunnamkulam
Saturday, September 12, 2026
Home CCTV Desk എഐ വിപ്ലവം 3 മാസത്തില്‍ കവര്‍ന്നത് 80,000 തൊഴിലുകള്‍; തുടക്കം മാത്രമെന്ന് റിപ്പോര്‍ട്ട്

എഐ വിപ്ലവം 3 മാസത്തില്‍ കവര്‍ന്നത് 80,000 തൊഴിലുകള്‍; തുടക്കം മാത്രമെന്ന് റിപ്പോര്‍ട്ട്

40

ഐടി രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വ്യാപക കടന്നുകയറ്റത്തിനാണ് പോയ വര്‍ഷം സാക്ഷ്യം വഹിച്ചത്. ക്ലറിക്കല്‍ ജോലികളും സാധാരണ ഓഫിസ് ജോലികളും കമ്പനികള്‍ വെട്ടിക്കുറയ്ക്കുകയും ഓട്ടോമേഷന്‍ നടപ്പാക്കുകയും ചെയ്തതോടെ ആയിരക്കണിനു പേര്‍ക്കാണ് ജോലി നഷ്ടമായത്. നിക്കെയ് ഏഷ്യയുടെ റിപ്പോര്‍ട്ട് പ്രകാരം, 2026ന്റെ ആദ്യപാദത്തില്‍ ഏകദേശം 80,000 ടെക് ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു.

ജനുവരി 1 മുതല്‍ ഏപ്രില്‍ 1 വരെയുള്ള കാലയളവില്‍ ആഗോളതലത്തില്‍ 78,557 ജീവനക്കാരെയാണ് വിവിധ കമ്പനികള്‍ പിരിച്ചുവിട്ടത്. ഇതില്‍ 76.7 ശതമാനവും യുഎസിലാണ്. പകുതിയോളം പിരിച്ചുവിടലുകളും നേരിട്ടോ അല്ലാതെയോ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഓട്ടോമേഷനുമായി ബന്ധപ്പെട്ടതാണ്. ആമസോണ്‍, ഒറാക്കിള്‍, മെറ്റാ, ഡെല്‍ തുടങ്ങി വന്‍കിട കമ്പനികള്‍ അവരുടെ ഓഫിസ് പ്രവര്‍ത്തനങ്ങള്‍ പുനക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടി സ്വീകരിക്കുന്നത്.

എന്നാല്‍ ഇതൊരു തുടക്കം മാത്രമാണെന്നും എഐ മൂലമുള്ള യഥാര്‍ഥ തൊഴില്‍ മാറ്റങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ എന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. കോഗ്‌നിസെന്റിന്റെ ചീഫ് എഐ ഓഫീസറായ ബാബക് ഹോദ്ജത്തിന്റെ അഭിപ്രായത്തില്‍, ഓട്ടോമേഷന്‍ നടപ്പിലാക്കുന്നതിന്റെ ഗുണഫലങ്ങള്‍ ലഭിക്കാന്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ എടുത്തേക്കാം. അതിനാല്‍ ഇപ്പോള്‍ നടക്കുന്ന പിരിച്ചുവിടലുകള്‍ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചന മാത്രമാണ്.

പല കമ്പനികളും കോവിഡ് കാലത്തിന് ശേഷം അമിതമായി ജീവനക്കാരെ നിയമിച്ചിരുന്നു. ഇപ്പോള്‍ പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കുന്നതിനും ചെലവ് കുറയ്ക്കുന്നതിനുമായി എഐ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ കമ്പനികള്‍ താല്‍പര്യപ്പെടുന്നു. എഐ യഥാര്‍ഥത്തില്‍ എന്ത് നേട്ടമുണ്ടാക്കും എന്നതിനേക്കാള്‍, അത് ഭാവിയില്‍ നല്‍കാന്‍ പോകുന്ന സൗകര്യങ്ങളെ മുന്‍കൂട്ടി കണ്ടാണ് പല കമ്പനികളും ജീവനക്കാരെ ഒഴിവാക്കുന്നത്.

ഗോള്‍ഡ്മാന്‍ സാക്‌സിന്റെ റിപ്പോര്‍ട്ട് പ്രകാരം അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ യുഎസിലെ 6 മുതല്‍ 7 ശതമാനം വരെ ഐടി ജീവനക്കാര്‍ക്ക് എഐ കാരണം ജോലി നഷ്ടപ്പെടാം. ജോലി നഷ്ടപ്പെടുന്ന ജെന്‍ സീകള്‍ കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള ജോലികളിലേക്ക് മാറാന്‍ നിര്‍ബന്ധിതരാകുന്നു. ഇത് അവരുടെ കരിയറിലെ വളര്‍ച്ചയെയും സാമ്പത്തിക ഭദ്രതയെയും ദോഷകരമായി ബാധിച്ചേക്കാം.

 

വരും മാസങ്ങളില്‍ പതിസന്ധി കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. തൊഴിലന്വേഷകര്‍ എഐ സ്‌കില്ലുകള്‍ വികസിപ്പിക്കേണ്ട ആവശ്യകത കൂടിയാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്.

ADVERTISEMENT
error: Content is protected !!