ആവേശപ്പൂരത്തിന് കൊടിയേറി; തൃശ്ശൂർ ഇനി പൂരലഹരിയിൽ

ചരിത്ര പ്രസിദ്ധമായ തൃശൂർ പൂരത്തിന് കൊടിയേറി പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടിയിലും പാറമേക്കാവിലും മറ്റ് ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റ് നടന്നു. തിരുവമ്പാടിയില്‍ രാവിലെ 11നും 11.30നും ഇടയിലും പാറമേക്കാവില്‍ 11.30 നുമാണ് കൊടിയേറിയത്.

കൊടിയേറ്റത്തോട് അനുബന്ധിച്ച് വിവിധ പൂജകളും പ്രാർഥനകളും ഇരു ക്ഷേത്രങ്ങളിലും നടന്നു. നൂറുകണക്കിന് ആളുകളാണ് കൊടിയേറ്റില്‍ പങ്കെടുക്കാന്‍ എത്തിയത്. ക്ഷേത്രത്തിലെ കൊടിയേറ്റിന് ശേഷം വടക്കുനാഥ ക്ഷേത്ര മൈതാനിയിലെ മണികണ്ഠനാലിലും, നായ്‌ക്കനാലിലും, നടുവിലാലിലും, പാറമേക്കാവിലെ പാലമരത്തിലും ദേശക്കാർ കൊടി നാട്ടി. കണിമംഗലം ശാസ്താ ക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്യായനി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താ ക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നീ ഘടക ക്ഷേത്രങ്ങളില്‍ പല സമയങ്ങളിലാണ് കൊടിയേറ്റ്.

ADVERTISEMENT