മുഖ്യമന്ത്രിപ്പോര്; ലീഗ് നേതാക്കൾ തലസ്ഥാനത്തേക്ക്, ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്താൻ എഐസിസി നിരീക്ഷകർ

കോൺ​ഗ്രസിലെ മുഖ്യമന്ത്രിപ്പോരിൽ ഘടകകക്ഷി നേതാക്കളുടെ അഭിപ്രായം തേടാൻ എഐസിസി നിരീക്ഷകർ. ഘടകകക്ഷി നേതാക്കളുമായി നിരീക്ഷകർ ചർച്ച നടത്തും. ഇന്ന് വൈകുന്നേരം നാലരക്കാണ് ചർച്ച നടക്കുക. ഇതിനായി ലീഗ് നേതാക്കൾ അടക്കം തലസ്ഥാനത്തേക്ക് പുറപ്പെട്ടു. നേരത്തെ, വിഡി സതീശന് മുസ്ലിം ലീ​ഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങൾ പിന്തുണ പ്രഖ്യാപിച്ചെങ്കിലും ചർച്ചയായതോടെ മയപ്പെടുത്തിയിരുന്നു. അതിനിടെ സതീശന് പിന്തുണയുമായി മുസ്ലീം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജി രം​ഗത്തെത്തി.

പ്രതിപക്ഷ നേതൃ സ്ഥാനത്തേക്ക് വി ഡി സതീശൻ കൊള്ളാമെന്ന എഐസിസി നിഗമനം ശരിയാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞുവെന്ന് കെഎം ഷാജി പറഞ്ഞു. അദ്ദേഹത്തെ നിയോഗിച്ച ഉത്തരവാദിത്തം നേരാം വണ്ണം വിനിയോഗിച്ചു എന്നതിന്റെ തെളിവാണ് യുഡിഎഫിന്‍റെ വലിയ വിജയം. ഇനി അനാവശ്യമായ തർക്കങ്ങൾ ഉണ്ടാകാൻ പാടില്ല. 102സീറ്റുകൾ നൽകിയ ജനങ്ങളോട് യുഡിഎഫ് പ്രതിബദ്ധത കാണിക്കണമെന്നും ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

മന്ത്രി സ്ഥാനം സംബന്ധിച്ച് ഒരു തർക്കത്തിന് ലീഗ് ഇല്ലെന്നും കെഎം ഷാജി വ്യക്തമാക്കി. സ്റ്റാറ്റസ്കോ നിലനിർത്തുക എന്നതാണ് പ്രധാനം. അതിനപ്പുറത്തേക്ക് ഒരു ഡിമാൻഡ് ലീഗ് ഉന്നയിക്കില്ല, ഈ ഗംഭീര വിജയത്തിന്റെ മറവിൽ ഒരു പുതിയ ഡിമാൻഡും ലീഗിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും ഷാജി പറഞ്ഞു. എസ്എൻഡിപി നേതാവ് വെള്ളാപ്പപ്പള്ളി നടേശന്‍റെ വിമർശനം യുഡിഎഫിന് ഗുണകരമായി. സമൂഹത്തെ ബാധിക്കുന്ന, മനുഷ്യനെ ബാധിക്കുന്ന ഏതു വിഷയമാണ് വെള്ളാപ്പള്ളി ഏറ്റെടുത്തിട്ടുള്ളത്. ലീഗ് ജനങ്ങളുടെ കൂടെ നിന്നപ്പോൾ ജനം ഒന്നിച്ചു ലീഗിന്റെ കൂടെ നിന്നുവെന്നും ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അതേസമയം മുഖ്യമന്ത്രി തീരുമാനത്തിൽ കോൺഗ്രസിന്റെ നിർണായക നിയമസഭാ കക്ഷിയോഗം ഇന്ന് നടക്കും. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്നിക്കും തലസ്ഥാനത്ത് എത്തി. മുതിർന്ന നേതാക്കളേയും ഘടകകക്ഷികളെയും കേൾക്കും. നിയമസഭാ കക്ഷിയോഗം തീരുമാനമെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി പ്രമേയം പാസാക്കിയേക്കും. രാവിലെ പത്തരക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം നടക്കുന്നത്. കോൺഗ്രസ് മന്ത്രിമാരുടെ കാര്യത്തിലെ തീരുമാനം വൈകുമെന്നാണ് സൂചനകൾ. മുഖ്യമന്ത്രിയും ഘടകകക്ഷി മന്ത്രിമാരും ആയിരിക്കും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. ഹൈക്കമാൻഡിന്‍റെ കർശന മേൽനോട്ടത്തിൽ ആയിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. മെറിറ്റ് മാത്രമാകണം മാനദണ്ഡമെന്നും ഗ്രൂപ്പ് താല്പര്യങ്ങൾ നോക്കരുത് എന്നും രാഹുൽ ഗാന്ധി നിർദേശം നൽകിയിട്ടുണ്ട്.

ADVERTISEMENT