ആണ്‍സുഹൃത്തിനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കള്‍ക്ക് ക്വട്ടേഷന്‍ നല്കി തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തി വധിക്കാന്‍ ശ്രമിച്ച കേസില്‍ 19 കാരിയും നാല് കൂട്ടാളികളും തിരൂര്‍ പോലീസിന്റെ പിടിയിലായി. കാപ്പ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായ യുവാക്കളടക്കമുള്ള സംഘമാണ് അറസ്റ്റിലായത്. പട്ടാമ്പി സ്വദേശിനിയായ സഫാനയാണ് ആണ്‍സുഹൃത്തായ യുവാവിനെ ഒഴിവാക്കുന്നതിനായി സുഹൃത്തുക്കളുടെ സഹായത്തോടെ ക്വട്ടേഷന്‍ നല്‍കിയതെന്നാണ് പോലീസ് പറയുന്നത്. സഫാനയുടെ സുഹൃത്തുക്കളായ തിരൂര്‍ നോര്‍ത്ത് അന്നാര സ്വദേശിനികളായ നാദിയ (20), റബീബ (25), ഇവരുടെ ആണ്‍സുഹൃത്തുക്കളായ പറവണ്ണ സ്വദേശികളായ ഇര്‍ഷാദ് (28), അസറുദ്ദീന് (25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് സംഭവം. പെണ്‍സുഹൃത്തിനെ അന്വേഷിച്ച് തിരൂരിലെത്തിയ പട്ടാമ്പി സ്വദേശിയായ യുവാവിനെ സുഹൃത്തിന്റെ അടുത്തെത്തിക്കാമെന്ന് പറഞ്ഞ് ബൈക്കില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് പ്രതികള്‍ ഒത്തുചേര്‍ന്ന സ്ഥലത്തെത്തിച്ച് കാറില്‍ കയറ്റി ക്രൂരമായി മര്‍ദിക്കുകയും മൊബൈല്‍ ഫോണ്‍ കവര്‍ച്ച ചെയ്യുകയും ചെയ്തു. തുടര്‍ന്ന് താഴെപ്പാലം പുഴയോരത്ത് റോഡരികില്‍ ഉപേക്ഷിച്ച് സംഘം കടന്നുകളയുകയായിരുന്നു.



