കേച്ചേരിയിലുള്ള മമത ബാറില്‍ മദ്യപിക്കാനെത്തിയവര്‍ സംഘം ചേര്‍ന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു. കേച്ചേരി ചിറനെല്ലൂര്‍ സ്വദേശി കബീറിനാണ് (38) മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ ആറുപേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകിട്ട് 6.30-ഓടെയായിരുന്നു അക്രമസംഭവം അരങ്ങേറിയത്. പാവറട്ടി, കുന്നംകുളം പോലീസ് സ്റ്റേഷന് പരിധികളിലെ സാമൂഹ്യവിരുദ്ധരടക്കം എട്ടുപേരടങ്ങുന്ന സംഘമാണ് അക്രമം നടത്തിയത്. പാവറട്ടി പോലീസ് സ്റ്റേഷന് പരിധിയിലുള്ള സിയാദിന്റെ നേതൃത്വത്തിലായിരുന്നു അക്രമം നടത്തിയതെന്ന് പോലീസ് പറഞ്ഞു. സിയാദിനെ കൂടാതെ കേച്ചേരി തലക്കോട്ടുക്കര സ്വദേശി ശ്രീരാഗ്, പാറന്നൂര്‍ സ്വദേശി രാഹുല്‍ എന്ന കുട്ടൂസ്, വന്നേരി സ്വദേശി മുബഷിര്‍, പാവറട്ടി സ്വദേശി റാഷിദ്, കേച്ചേരി സ്വദേശി വിഷ്ണു എന്നിവരാണ് പിടിയിലായ സംഘത്തിലുള്ളത്. ബാറില്‍ മദ്യപിക്കാനെത്തിയ കബീറിനെ, പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ യുവാവിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



