പല കാരണങ്ങളാല്‍ മുടങ്ങിക്കിടന്നിരുന്ന കുന്നംകുളം നഗരസഭയുടെ സ്വപ്ന പദ്ധതിയായ തുറക്കുളം മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നു. പദ്ധതിയുടെ തുടര്‍നടപടികള്‍ക്കായി പുതുക്കിയ പദ്ധതി രേഖ (ഡി.പി.ആര്‍) തയ്യാറാക്കാന്‍ നഗരസഭാ കൗണ്‍സില്‍ ഐകകണ്‌ഠ്യേന തീരുമാനിച്ചു.ബി.ഒ.ടി വ്യവസ്ഥയില്‍ നിര്‍മ്മാണം ആരംഭിച്ച തുറക്കുളം മാര്‍ക്കറ്റ് ചില കോടതി വ്യവഹാരങ്ങളെത്തുടര്‍ന്ന് പാതിവഴിയില്‍ നിലച്ചുപോവുകയായിരുന്നു. എന്നാല്‍, പുതിയ സാഹചര്യത്തില്‍ മാര്‍ക്കറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിന് യാതൊരു നിയമതടസ്സങ്ങളുമില്ലെന്ന് നഗരസഭയ്ക്ക് നിയമോപദേശം ലഭിച്ചതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവന്‍ വച്ചത്.ഇതുവരെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ, ഫ്‌ലോറിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്ക്, പ്ലംബിങ് വര്‍ക്കുകള്‍, സെന്‍ട്രലൈസ്ഡ് എ.സി, പാര്‍ക്കിങ് സൌകര്യം, ഡ്രൈനേജ് ഉള്‍പ്പടെ ബാക്കി പണികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഏകദേശം അഞ്ചരക്കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. വായ്പയിലൂടെയോ മറ്റ് മാര്‍ഗ്ഗങ്ങളിലൂടെയോ ഈ തുക കണ്ടെത്തി പണി പൂര്‍ത്തിയാക്കാനാണ് നഗരസഭയുടെ ലക്ഷ്യം. പദ്ധതിയുടെ ഡി.പി.ആര്‍ തയ്യാറാക്കുന്ന ചുമതല സര്‍ക്കാര്‍ അംഗീകൃത ഏജന്‍സിയെ ഏല്‍പ്പിക്കാനും കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.സമയബന്ധിതമായി പദ്ധതി ജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാണ് നഗരസഭ ലക്ഷ്യമിടുന്നതെന്ന് ചെയര്‍പേഴ്‌സണ്‍ സൗമ്യ അറിയിച്ചു. രണ്ടുമാസത്തിനകം ഡി.പി.ആര്‍ തയ്യാറാക്കും. തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി എട്ടു മാസത്തിനുള്ളില്‍ മാര്‍ക്കറ്റിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും ചെയര്‍പേഴ്‌സണ്‍ കൗണ്‍സിലില്‍ വ്യക്തമാക്കി. ദീര്‍ഘകാലത്തെ കാത്തിരിപ്പിനൊടുവില്‍ തുറക്കുളം മാര്‍ക്കറ്റ് യാഥാര്‍ഥ്യമാകുന്നതിന്റെ ആശ്വാസത്തിലാണ് കുന്നംകുളം നിവാസികള്‍.
Home Bureaus Kunnamkulam കുന്നംകുളം നഗരസഭയുടെ സ്വപ്ന പദ്ധതി യാഥാർഥ്യത്തിലേക്ക് ; തുറക്കുളം മാര്‍ക്കറ്റ് നിര്‍മ്മാണം പുനരാരംഭിച്ചു



