നീറ്റ് യു.ജി. ചോദ്യച്ചോർച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അധ്യാപകർ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ.) മറ്റു മത്സരപ്പരീക്ഷകളുടെ ചോദ്യക്കടലാസുകളും തയ്യാറാക്കി. ശാസ്ത്രവിഷയ വിദഗ്ധരായ മൂന്ന് അധ്യാപകരടക്കം 13 പേരെ പ്രതിയാക്കി ഡൽഹി കോടതിയിൽ സി.ബി.ഐ. നൽകിയ കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രതികളായ അധ്യാപകർ നീറ്റ്, ജെ.ഇ.ഇ. മെയിൻ, സി.യു.ഇ.ടി.-യു.ജി. പരീക്ഷകളുടെ ചോദ്യക്കടലാസുണ്ടാക്കാൻ സഹകരിച്ചിട്ടുണ്ടെന്ന് എൻ.ടി.എ.യിലെ മുതിർന്ന ഉദ്യോഗസ്ഥർ മൊഴിനൽകിയിട്ടുണ്ട്. വർഷങ്ങളായി എൻ.ടി.എ.യുടെ വിഷയവിദഗ്ധരായി പ്രവർത്തിക്കുന്നവരാണിവർ. ഏജൻസിയുമായി നല്ലബന്ധത്തിലുള്ള അധ്യാപകർതന്നെ ചോദ്യം ചോദ്യം ചോർത്തുമെന്ന് അധികൃതർ പ്രതീക്ഷിച്ചില്ല. വിവിധ പരീക്ഷകൾക്കായി സഹകരിച്ചിട്ടുള്ള വിഷയവിദഗ്ധരെ അവിശ്വസിക്കാൻ മറ്റു കാരണങ്ങളുമുണ്ടായിരുന്നില്ല.എൻ.ടി.എ. ഡയറക്ടർ ജനറലിന്റെ അനുമതിയോടെയാണ് വിവിധ വിഷയവിദഗ്ധരായ അധ്യാപകരുടെ പട്ടിക തയ്യാറാക്കുന്നത്. ഇവരെക്കുറിച്ച് അന്വേഷണ റിപ്പോർട്ടുകളും തയ്യാറാക്കിയ ചോദ്യങ്ങളുടെ നിലവാരവും കണക്കിലെടുത്താണ് പട്ടികയുണ്ടാക്കുന്നത്. ഇതിലേതിലെങ്കിലും വീഴ്ച കണ്ടെത്തിയാൽ അവരെ ഒഴിവാക്കുന്ന രീതിയാണുള്ളതെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്.



