ഉത്രാടനാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഭക്തരുടെ മനംകവര്‍ന്ന് കാളിയനുമേല്‍ ശംഖുചക്ര ഗദാധാരിയായി ഇരിക്കുന്ന ശ്രീകൃഷ്ണന്റെ മനോഹര പൂക്കളം. വിവിധ നിറങ്ങളിലുള്ള പൂക്കള്‍ ഉപയോഗിച്ച് ഒരുക്കിയ പൂക്കളത്തില്‍ കാളിയമര്‍ദ്ദനത്തിന്റെ ദൃശ്യമാണ് മനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നത്. ഏകദേശം 12 അടി വലിപ്പത്തില്‍ ഒരുക്കിയ പൂക്കളത്തില്‍ ശംഖും ചക്രവും ഗദയും ധരിച്ച കൃഷ്ണന്റെ രൂപമാണ് പ്രധാന ആകര്‍ഷണം. കൃഷ്ണന്റെ വസ്ത്രാഭരണങ്ങളും മാലകളും കിരീടവുമെല്ലാം പൂക്കള്‍കൊണ്ട് സൂക്ഷ്മമായി തീര്‍ത്തിരിക്കുന്നത് പൂക്കളത്തിന്റെ ഭംഗി വര്‍ധിപ്പിക്കുന്നു. ഭക്തിയുടെയും കലാവൈഭവത്തിന്റെയും സംഗമമായി മാറിയ പൂക്കളത്തിന് മുന്നില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയും ആസ്വദിച്ചുമാണ് ഭക്തര്‍ മടങ്ങിയത്.



