തൊഴുത്തിന് തീപിടിച്ച് പശുക്കള്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ അടിയന്തര ഇടപെടലുമായി വെങ്കിടങ് ഗ്രാമപഞ്ചായത്തും ജില്ലാമൃഗസംരക്ഷണ വകുപ്പും. പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ താമസിക്കുന്ന അപ്പനാത്ത് സുരേന്ദ്രന്റെ വീട്ടിലെ തൊഴുത്താണ് കഴിഞ്ഞദിവസം കത്തി നശിച്ചത്. തീപിടുത്തത്തില്‍ ചെറിയ പശുക്കുട്ടിയ്ക്ക് ജീവഹാനി സംഭവിച്ചിരുന്നു. അപകടത്തില്‍ പരിക്കേറ്റ പശുക്കള്‍ക്ക് വിദഗ്ധ മെഡിക്കല്‍ സംഘം അടിയന്തര ചികിത്സയും സൗജന്യ മരുന്നുകളും നല്‍കി. ജനപ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും വിദഗ്ധ ഡോക്ടര്‍മാരും അടങ്ങുന്ന സംഘം സംഭവസ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. ലൗലി കെ. സക്കറിയ, റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. രഞ്ജിത്ത് ജോണ്‍, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പ്രസിഡണ്ട് ഡോ. ഗംഗാധരന്‍ നായര്‍, അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ ഡോ. ഷബിന പി.കെ., ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഡോ. സുമി ചന്ദ്രന്‍, വെറ്ററിനറി സര്‍ജന്മാരായ ഡോ. പ്രവിത, ഡോ. കാവ്യ, പ്രോവെറ്റ് കമ്പനി പ്രതിനിധി ജിന്‍സ് എന്നിവരടങ്ങിയ സംഘം പരിക്കേറ്റ പശുക്കളെ പരിശോധിച്ച് അടിയന്തര വൈദ്യസഹായം നല്‍കി. പശുക്കളുടെ തുടര്‍ചികിത്സയ്ക്ക് ആവശ്യമായ മുഴുവന്‍ മരുന്നുകളും ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പൂര്‍ണ്ണമായും സൗജന്യമായി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഗ്രേസി ജേക്കബ്, വൈസ് പ്രസിഡണ്ട് എം.കെ.എം. ഹബീബ് പഞ്ചായത്ത് അംഗങ്ങളായ വിമല, മനീഷ് എന്നിവരും പഞ്ചായത്തിന്റെ സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു.



