നിയമസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമുള്ള സംഘടനാപരമായ പോരായ്മകള്‍ പരിഹരിക്കാനും തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാനുമായി സംഘടിപ്പിച്ച സി.പി.ഐ എം തൃശൂര്‍ ജില്ലാ വിപുലീകൃത കമ്മിറ്റി യോഗത്തിന് തുടക്കമായി. സെപ്തംബര്‍ 30 ഒക്ടോബര്‍ 01 എന്നീ തിയ്യതികളിലായി തൃശൂര്‍ നളിനം ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ ബേബിജോണ്‍ മാസ്റ്റര്‍ നഗറില്‍ വെച്ചാണ് വിപുലീകൃത ജില്ലാ കമ്മിറ്റി യോഗം നടക്കുന്നത്.രാവിലെ മുതിര്‍ന്ന നേതാവ് എം.കെ കണ്ണന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കമായത്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.വി. അബ്ദുല്‍ ഖാദര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ പാര്‍ട്ടിയോട് അകലുന്നു എന്ന വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുള്ളതായാണ് വിവരം കൂടാതെ തൃശൂരില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഉണ്ടായ പാളിച്ചകളും ചാലക്കുടിയില്‍ കേരള കോണ്‍ഗ്രസിന് സീറ്റ് കൈമാറിയതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും റിപ്പോര്‍ട്ടിലുണ്ട്.കൊടുങ്ങല്ലൂരിലെ തോല്‍വിക്ക് കാരണമായി സി.പി.ഐക്കുള്ളിലെ തര്‍ക്കങ്ങളെക്കുറിച്ചുള്ള പരാമര്‍ശങ്ങളും സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ഉള്ളതായാണ് അറിയുന്നത്. വിപുലികൃത സംസ്ഥാനകമ്മിറ്റിയ്ക്ക് ശേഷം സംസ്ഥാന സെക്രട്ടേറിയേറ്റിലേക്കും, സംസ്ഥാനകമ്മിറ്റിയിലേക്കും പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിയ മാതൃകയില്‍ ജില്ലാ സെക്രട്ടേറിയേറ്റിലേക്കും ,കമ്മിറ്റിയിലേക്കും പുതിയ അംഗങ്ങള്‍ എത്തുമെന്നാണ് കരുതുന്നത്. വിഭാഗീയതയുടെ ഭാഗമായി വര്‍ഷങ്ങളായി മാറ്റി നിറുത്തപ്പെട്ട ടി.ശശിധരന്‍ സെക്രട്ടേറിയേറ്റിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ. എസ്. റോസല്‍രാജ്, ജില്ലാകമ്മിറ്റി അംഗങ്ങളല്ലാത്ത ഏരിയാസെക്രട്ടറിമാര്‍ എന്നിവര്‍ ജില്ലാകമ്മിറ്റിയിലേക്കും എത്തിയേക്കും. 17 ഏരിയാ കമ്മിറ്റികളില്‍ നിന്നായി 134 പ്രതിനിധികളാണ് വിപുലികൃത ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കുന്നത്. പാര്‍ട്ടിയുടെ തിരുത്തല്‍ നടപടികളുടെയും തെരഞ്ഞെടുപ്പ് അവലോകനങ്ങളുടെയും ഭാഗമായി ചേരുന്ന വിപുലീകൃത യോഗത്തില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ. രാധാകൃഷ്ണന്‍, ടി.പി. രാമകൃഷ്ണന്‍, കെ.എന്‍. ബാലഗോപാല്‍, പുത്തലത്ത് ദിനേശന്‍, കെ.എസ്. സലീഖ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ. ജയചന്ദ്രന്‍, പി.കെ. ബിജു തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.



