കടവല്ലൂര്‍ പാടത്ത് ശുചിമുറി മാലിന്യം തള്ളുന്നതു വീണ്ടും തുടങ്ങി

 

കടവല്ലൂര്‍ പാടത്ത് ശുചിമുറി മാലിന്യം തള്ളുന്നതു വീണ്ടും തുടങ്ങി. കലക്ടര്‍ ഇടപെട്ടതിനെത്തുടര്‍ന്നു കുന്നംകുളം പൊലീസ് മാലിന്യം തള്ളിയവരെയും വാഹനവും മാസങ്ങള്‍ക്കു മുന്‍പു പിടികൂടിയിരുന്നു. കരാറെടുത്തു സെപ്റ്റിടാങ്ക് വൃത്തിയാക്കുന്ന കോട്ടോല്‍ സ്വദേശിയും മാലിന്യം കയറ്റിവന്ന ലോറിയുടെ ഡ്രൈവറുമാണ് അന്ന് അറസ്റ്റിലായത്. ഇതോടെ ശമനമായ പ്രശ്‌നമാണ് കഴിഞ്ഞ ആഴ്ച വീണ്ടും തുടങ്ങിയത്.മുണ്ടകന്‍ കൃഷിക്കുള്ള ഒരുക്കങ്ങള്‍ നടക്കുന്ന പാടത്തേക്കാണു മാലിന്യങ്ങള്‍ ഒലിച്ചെത്തുന്നത്. ദുര്‍ഗന്ധം ഒഴിവാക്കാന്‍ രാസവസ്തുവും ചേര്‍ത്താണു മാലിന്യം തള്ളല്‍. കഴിഞ്ഞ സീസണിലെ നെല്‍ക്കൃഷിയെ മാലിന്യം കടുത്ത രീതിയില്‍ ബാധിച്ചിരുന്നു. നെല്ലിന്റെ നിറത്തില്‍ മാറ്റം സംഭവിക്കുകയും വിളവ് കുറയുകയും ചെയ്തു. പഞ്ചായത്തിലും പൊലീസിലും നവകേരള സദസ്സിലും പരാതി നല്‍കി ഫലമില്ലാതെ വന്നതോടെയാണു പാടശേഖരസമിതി ഭാരവാഹികള്‍ കളക്ടറെ നേരില്‍ കണ്ടു പരാതി നല്‍കിയത്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം നിരീക്ഷണ ക്യാമറകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണു സാമൂഹിക വിരുദ്ധര്‍ പിടിയിലായത്.
മലപ്പുറം ജില്ലയില്‍ നിന്നാണ് മാലിന്യം എത്തുന്നത് എന്നാണു സൂചന