ക്ഷേത്ര നിര്മ്മാണത്തിന് പണം നല്കിയാല് മുറി നല്കാമെന്ന് വാഗ്ദാനം ചെയ്ത് ഭക്തരില് നിന്ന് പണവും സ്വര്ണവും തട്ടിയെന്ന പരാതിയില് ഗോലോകം ട്രസ്റ്റിനെതിരെ ഗുരുവായൂര് പോലീസ് കേസെടുത്തു. ഗോലോകം ട്രസ്റ്റിമാരായ സൂരജ് സോമശേഖരന്, ലീന കുമാര് എന്നിവര്ക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള് പ്രകാരം കേസെടുത്തത്. ട്രസ്റ്റിന് ബ്രഹ്മകുളത്ത് ക്ഷേത്ര നിര്മ്മിക്കാന് പണം നല്കിയാല് ക്ഷേത്രത്തില് താമസിക്കാന് മുറി നല്കാമെന്ന് വാഗ്ദാനം ചെയ്ത് നോട്ടീസ് പുറത്തിറക്കിയിരുന്നു. ശോഭിത രണ്ട് ലക്ഷം രൂപയും സുഹൃത്തുക്കളായ രമ ആറ് പവന് സ്വര്ണ്ണവും ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപയും സജിത ഒരു ലക്ഷം രൂപയും നല്കിയെന്നാണ് പരാതിയില് ഉള്ളത്. യൂട്യൂബ് ക്ലാസുകളിലൂടെയും വാട്സ്ആപ്പ് ഗ്രൂപ്പ് ഭക്തജന കൂട്ടായ്മകളിലൂടെയും വിശ്വാസ്യത നേടിയെടുത്ത് ആയിരത്തോളം പേര് പണവും സ്വര്ണവും നല്കിയിട്ടുണ്ടെന്നും പരാതിയില് പറയുന്നുണ്ട്. മാസങ്ങള് കഴിഞ്ഞിട്ടും വാഗ്ദാനം പാലിക്കാതെ വന്നതോടെ പണം ചോദിച്ചെത്തിയവരെ ആട്ടിപായിച്ചെന്നും പരാതിയുണ്ട്. നാലുമാസമായിട്ടും പോലീസ് നടപടി എടുക്കാത്തതിനെത്തുടര്ന്ന് പരാതിക്കാര് പരസ്യമായി രംഗത്തെത്തുകയായിരുന്നു. ഇതേ തുടര്ന്ന് പരാതിയില് കേസെടുക്കാന് എ.സി.പി. എം. സുരേന്ദ്രന് ഗുരുവായൂര് സ്റ്റേഷന് ഹൗസ് ഓഫീസര്ക്ക് നിര്ദ്ദേശം നല്കുകയായിരുന്നു.



