കുരുന്നുകളുടെ ചുവടുകളില്‍ നാടോടിത്തനിമ ; കലോത്സവ വേദിയില്‍ വിസ്മയം തീര്‍ത്ത് നാടോടിനൃത്തം. കുന്നംകുളം ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ എല്‍.പി വിഭാഗം നാടോടിനൃത്തം കാണികള്‍ക്ക് വേറിട്ട ദൃശ്യാനുഭവമായി. കുന്നംകുളം ബോയ്സ് ഹൈസ്കൂളിലെ മൂന്നാം വേദിയിലാണ് കുരുന്നുകളുടെ മനോഹരമായ നൃത്താവിഷ്കാരങ്ങള്‍ അരങ്ങേറിയത്. കുട്ടികളുടെ നിഷ്കളങ്കമായ ഭാവങ്ങളും ചടുലമായ ചുവടുകളും സദസ്സിന്റെ ശ്രദ്ധ പിടിച്ചുപറ്റി. കലയുടെ നന്മയും ഗ്രാമീണ തനിമയും ചേര്‍ന്ന അവതരണങ്ങള്‍ കാണികളെ ഒരുപോലെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു. കുരുന്നുകളുടെ ആത്മവിശ്വാസവും മികവും വേദിയില്‍ പ്രകടമായപ്പോള്‍ മത്സരം ആവേശകരമായി. രാവിലെ യു.പി വിഭാഗം നാടോടിനൃത്ത മത്സരത്തോടെയാണ് വേദി ഉണര്‍ന്നത്. 28 മത്സരാര്‍ത്ഥികളാണ് യു.പി വിഭാഗത്തില്‍ മാറ്റുരച്ചത്. ഭൂരിഭാഗം മത്സരാര്‍ത്ഥികളും എ ഗ്രേഡ് സ്വന്തമാക്കിയെങ്കിലും ചെസ് നമ്പര്‍ 25-ലെ മത്സരാര്‍ത്ഥിയെയാണ് ജില്ലാതല മത്സരത്തിലേക്ക് തെരഞ്ഞെടുത്തത്.



