പാലപ്പിള്ളിയില്‍ കാട്ടാന ആക്രമണം. നായാട്ടുകുണ്ട് ചൊക്കന ആശുപത്രിക്കാനക്ക് സമീപത്ത് കാട്ടാന റോഡിലേക്ക് റബ്ബര്‍മരം മറിച്ചിട്ടു. റോഡിന് കുറുകെ റബ്ബര്‍മരം വീണതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. വൈദ്യുതി കമ്പിയില്‍ മരം വീണതോടെ തോട്ടം മേഖലയില്‍ വൈദ്യുതി ബന്ധം തടസപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. തോട്ടം തൊഴിലാളികള്‍ ടാപ്പിംഗിന് പോകുന്നതിനിടെയാണ് സംഭവം. വനപാലകരെത്തി മൂന്നുമണിക്കൂറോളം പ്രയത്‌നിച്ചാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചത്. മേഖലയില്‍ പതിവായി കാട്ടാനയിറങ്ങുന്നത് തൊഴിലാളികളെ ഭീതിയിലാക്കുകയാണ്.പുലര്‍ച്ചെ പണിക്ക് പോകുന്ന തൊഴിലാളികള്‍ കഷ്ടിച്ചാണ് കാട്ടാന ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുന്നത്. റോഡില്‍ ആനകള്‍ ഇറങ്ങുന്നത് വാഹനയാത്രക്കാരെയും ആശങ്കയിലാക്കുന്നുണ്ട്. പ്രദേശത്തെ തോട്ടങ്ങളില്‍ തമ്പടിച്ചിരിക്കുന്ന ആനകളെ കാടുകയറ്റാന്‍ അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.



