മഹാരഥന്‍മാരായ പ്രതിഭകള്‍ക്ക് ജന്‍മം നല്‍കിയ പ്രദേശമാണ് കണ്ടാണശ്ശേരിയെന്ന് ചലച്ചിത്ര താരം ഇര്‍ഷാദ് അലി

 

കണ്ടാണശ്ശേരിയുടെ സാംസ്‌കാരിക മുന്നേറ്റത്തിന് ഗ്രാമീണ വായനശാല വഹിച്ച പങ്ക് വലുതാണെന്ന് ചലച്ചിത്ര താരം ഇര്‍ഷാദ് അലി. കണ്ടാണശ്ശേരി ഗ്രാമീണ വായനശാലയുടെ 75-ാം വാര്‍ഷികാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാരഥന്‍മാരായ പ്രതിഭകള്‍ക്ക് ജന്‍മം നല്‍കിയ പ്രദേശമാണ് കണ്ടാണശ്ശേരിയെന്ന് ഇര്‍ഷാദ് വ്യക്തമാക്കി. കോവിലന്‍ ഉള്‍പ്പെടെയുള്ളവര്‍ തുടങ്ങി വെച്ച വായനശാല, പിന്‍ തലമുറയിലുള്ളവര്‍ക്കും വലിയ പ്രചോദനമാണ് നല്‍കിയത്. കണ്ടാണശ്ശേരിക്കാരാനായ ചലച്ചിത്ര സംവിധായകന്‍ പവിത്രന്റെ കുട്ടപ്പന്‍ സാക്ഷി എന്ന ചിത്രത്തില്‍ അഭിനയിക്കാനായതും, പവിത്രന്‍ പരിചയപ്പെടുത്തിയത് വഴി, ടി.വി. ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തില്‍ നായക കഥാപാത്രം ചെയ്തതും ഇര്‍ഷാദ് അനുസ്മരിച്ചു. വായനശാല പ്രസിഡണ്ട് എന്‍.കെ. ബാലകൃഷ്ണന്‍ അധ്യക്ഷനായി. ജ്യോതി ലാബോറട്ടറീസ് സ്ഥാപകന്‍ എം.പി രാമചന്ദ്രന്‍ മുഖ്യാതിഥിയായി. സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ കമ്മീഷന്‍ അംഗം ടി കെ വാസു മുഖ്യപ്രഭാഷണം നടത്തി.