24.6 C
Kunnamkulam
Tuesday, August 4, 2026
Home Kerala പാലക്കാട് സി കൃഷ്ണകുമാർ, ചേലക്കരയിൽ കെ ബാലകൃഷ്ണൻ, വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

പാലക്കാട് സി കൃഷ്ണകുമാർ, ചേലക്കരയിൽ കെ ബാലകൃഷ്ണൻ, വയനാട് നവ്യ ഹരിദാസ്; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു

കേരളത്തില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട്, ചേലക്കര നിയമസഭ മണ്ഡലങ്ങളിലേക്കും വയനാട് ലോക്സഭാ മണ്ഡലത്തിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പാലക്കാട് -സി കൃഷ്ണകുമാർ, ചേലക്കര- കെ ബാലകൃഷ്ണൻ, വയനാട് -നവ്യ ഹരിദാസ് എന്നിവരാണ് ബിജെപിയുടെ സ്ഥാനാർത്ഥികൾ.പാലക്കാട് മണ്ഡലത്തിൽ ഇതോടെ കോൺ​ഗ്രസിന്റെ രാഹുൽ മാങ്കൂട്ടത്തിൽ. സിപിഐഎം സ്വതന്ത്ര സ്ഥാനാർത്ഥിയായി പി സരിൻ എന്നിവരായിരിക്കും സി കൃഷ്ണകുമാറിൻറെ എതിരാളികൾ. നേരത്തെ പാലക്കാട് മണ്ഡലത്തിൽ കെ സുരേന്ദ്രൻ ബിജെപി സ്ഥാനാർത്ഥിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കെ സുരേന്ദ്രൻ, സി കൃഷ്ണകുമാര്‍ എന്നിവരുടെ പേരുകളാണ് കേന്ദ്ര നേതൃത്വത്തിന്റെ അന്തിമ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ, സ്ഥാനാർഥിയാവാനില്ലെന്ന് സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതോടെയാണ് മണ്ഡലത്തിൽ സി കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. ശോഭ സുരേന്ദ്രനെ പാലക്കാട് മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം രം​ഗത്തെത്തിയിരുന്നു. എന്നാൽ വയനാട് മണ്ഡലത്തിലേക്ക് ശോഭ സുരേന്ദ്രനെ പരി​ഗണിക്കാമെന്നും പാലക്കാട് പരി​ഗണിക്കേണ്ടതില്ലെന്നുമായിരുന്നു പാർട്ടിയുടെ നിലപാട്.മണ്ഡലം രൂപപ്പെട്ടിട്ട് 60 വർഷം തികയാനിരിക്കെ നടക്കുന്ന ആദ്യ ഉപതിരഞ്ഞെടുപ്പിനാണ് ഇക്കുറി ചേലക്കര തയ്യാറെടുക്കുന്നത്. ബിജെപിയുടെ നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയാണ് കെ ബാലകൃഷ്ണന്‍. തിരുവില്വാമല മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്നു. ചേലക്കരയിൽ യു ആർ പ്രദീപ് ആണ് സിപിഐഎം സ്ഥാനാർത്ഥി. കോൺ​ഗ്രസിന്റെ രമ്യ ഹരിദാസാണ് എതിർസ്ഥാനത്ത്. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ നവ്യ ഹരിദാസ് കഴിഞ്ഞ രണ്ട് തവണയായി കോഴിക്കോട് കോര്‍പ്പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. കോൺ​​ഗ്രസ് തട്ടകമായ വയനാട് സിപി ഐയുടെ സത്യൻ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. സഹോദരന്‍ രാഹുല്‍ ഗാന്ധി ഒഴിഞ്ഞ മണ്ഡലത്തില്‍ പ്രിയങ്ക ​ഗാന്ധിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

ADVERTISEMENT
error: Content is protected !!