അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസ്; പ്രതികൾ കസ്റ്റഡിയിൽ

അട്ടപ്പാടിയിൽ ആദിവാസി യുവാവിനെ കെട്ടിയിട്ട് മർദിച്ച കേസിലെ പ്രതികൾ പിടിയിൽ. ഷോളയൂർ സ്വദേശി റെജിൻ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തിൽ ഇരുവരെയും ചോദ്യം ചെയ്യുകയാണ്.

കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മർദനമേറ്റ സിജുവിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും. വാഹനത്തിന്റെ ഡ്രൈവർ, ക്ലീനർ എന്നിവർക്കെതിരെ അഗളി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. എസ് സി, എസ് ടി വിഭാഗത്തിനെതിരായ അതിക്രമം തടയൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരുന്നത്. അഗളി ചിറ്റൂർ ആദിവാസി ഉന്നതിയിലെ സിജുവിനെയാണ് കെട്ടിയിട്ട് മർദിച്ചത്.

യുവാവിനെ വിവസ്ത്രനാക്കി ഒരുമണിക്കൂറോളം പോസ്റ്റിൽ കെട്ടിയിട്ട് മർദിച്ചുവെന്നാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച്ചയാണ് വാഹനത്തിന് മുന്നിലേക്ക് ചാടിയെന്ന് ആരോപിച്ച് യുവാവിനെ പിക്കപ്പ് വാനിലെത്തിയ സംഘം മർദിച്ചത്. പരിക്കേറ്റ സിജു ചികിത്സയിലാണ്. സിജുവിനെ കെട്ടിയിട്ടതിന്റെ അടക്കം ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

യുവാവ് കല്ലെറിഞ്ഞ് വാഹനത്തിന്റെ ചില്ല് തകര്‍ത്തെന്നായിരുന്നു പ്രതികൾ ആരോപിച്ചിരുന്നത്. വാഹന ഉടമയുടെ പരാതിയില്‍ സിജുവിനെതിരെയും കേസെടുത്തിരുന്നു. യുവാവ് മദ്യപിച്ച് വാഹനത്തിലെ യാത്രക്കാരോട് തര്‍ക്കിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ADVERTISEMENT