28.4 C
Kunnamkulam
Friday, October 23, 2026
Home Bureaus Kechery കേച്ചേരി ആക്ട്‌സ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഞായറാഴിച്ച തുടക്കം

കേച്ചേരി ആക്ട്‌സ് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഞായറാഴിച്ച തുടക്കം

9

ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് ഞായറാഴിച്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ജീവകാരുണ്യ രംഗത്ത് സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളുമായി നിഷ്‌കാമ കര്‍മ്മ എന്ന ആശയത്തിലൂന്നി ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് കര്‍മ്മപഥത്തില്‍ കാല്‍ നൂറ്റാണ്ട് പിന്നിടുകയാണ്. 2002 ഏപ്രില്‍ 4 നാണ് അപകടങ്ങളില്‍ പെടുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഫാ. ഡേവിഡ് ചിറമ്മലിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തനം നടത്തിയിരുന്ന ആക്ട്‌സ് എന്ന സംഘടനയുടെ ബ്രാഞ്ച് കേച്ചേരിയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 25 വര്‍ഷം പിന്നിടുമ്പോഴും ആക്ട്‌സ് മുന്നോട്ടുവെയ്ക്കുന്ന ജീവകാരുണ്യ സംസ്‌കാരം കാലിക പ്രസക്തമാണ്.റോഡപകങ്ങളിലും മറ്റു അത്യാഹിതങ്ങളിലും സൗജന്യ ആംബുലന്‍സ് സേവനം, വഴുവഞ്ചേരി ആക്ട്‌സ് സേവനാലയം കേന്ദ്രീകരിച്ച് സൗജന്യ ഫിസിയോ തെറാപ്പി സെന്റര്‍, രക്തദാന ക്യാമ്പുകള്‍, മെഡിക്കല്‍ ക്യാമ്പുകള്‍, ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ വിതരണം, ബോധവല്‍ക്കരണ സെമിനാറുകള്‍, വിദ്യാര്‍ത്ഥികളിലും, യുവാക്കളിലും, സാമൂഹ്യ പ്രതിബന്ധത വളര്‍ത്തുന്നതിനുള്ള വളണ്ടിയേഴ്‌സ് ട്രൈനിങ് ക്യാമ്പുകള്‍ തുടങ്ങിയ മാതൃകാ പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ചവെച്ച് ജില്ലയിലെ മികച്ച ജീവകാരുണ്യ സംഘടനകളിലൊന്നായി ഉയരാന്‍ ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന് കഴിഞ്ഞു.ചൂണ്ടല്‍, വേലൂര്‍, കണ്ടാണശ്ശേരി, കൈപ്പറമ്പ്, തോളൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായി വ്യാപിച്ച് കിടക്കുന്ന ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന്റെ 25 വര്‍ഷത്തെ ആംബുലന്‍സ് സേവനത്തിന്റെ ഭാഗമായി റോഡപകടങ്ങളിലും, മറ്റു അത്യാഹിതങ്ങളിലുമായി 12000 ല്‍ പരം രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുവാനും ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കുവാനും കഴിഞ്ഞു എന്നത് ആക്ട്‌സിന്റെ പ്രാധാന്യം നമ്മെ ബോധ്യപ്പെടുത്തുന്നു.ആക്ട്‌സിന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി മുഴുവഞ്ചേരി ചേറ്റുവട്ടി ഗീതിക ടീച്ചറും ഭര്‍ത്താവ് മുരളീധരനും സ്വന്തം വീടും സ്ഥലവും ആക്ട്‌സിന് മരണപത്രമായി എഴുതി നല്‍കിയതിന്റെ ഭാഗമായി 2016 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ആക്ട്‌സ് സേവനാലയം ഫിസിയോതെറാപ്പി & റിഹാബിലിറ്റേഷന്‍ സെന്റര്‍ ഒക്ടോബര്‍ രണ്ടിന് പത്തുവര്‍ഷം പൂര്‍ത്തീകരിച്ചിരിക്കുകയാണ്.
ആക്ട്‌സ് സേവനാലയം വഴി 4000 ല്‍ അധികം രോഗികള്‍ക്ക് ഫിസിയൊതെറാപ്പി സേവനം നല്‍കാന്‍ കഴിഞ്ഞു എന്ന് സംഘടനയുടെ മികവിന്റെ നേര്‍ സാക്ഷ്യമാണ്.ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും, മഴുവഞ്ചേരി ആക്ട്‌സ് സേവനാലയത്തിന്റെ 10-ാം വാര്‍ഷികവും 2026 ഒക്ടോബര്‍ 25 ഞായറാഴ്ച്ച വൈകീട്ട് 4 ന് മഴുവഞ്ചേരി ആക്ട്‌സ് സേവനാലയത്തില്‍ വെച്ച് നടക്കും.മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ വര്‍ണ്ണാഭമായ തുടക്കത്തിന്റെ ഉദ്ഘാടനം
പ്രൊഫ.സി.രവീന്ദ്രനാഥ് എം.എല്‍.എ നിര്‍വ്വഹിക്കും,ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് പ്രസിഡണ്ട് വി.എ.കൊച്ചുലാസര്‍ അദ്ധ്യക്ഷനാകും. ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിനി പ്രസാദ് മുഖ്യാതിഥിയാകും, ആക്ട്‌സ് ജനറല്‍ സെക്രട്ടറി എം.കെ. വര്‍ഗ്ഗീസ് മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും. ജനപ്രതിനിധികള്‍ ഉപ്പെടെ രാഷ്ട്രീയ,സാമൂഹ്യ, ജീവകാരുണ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
കുന്നംകുളം പ്രസ്സ് ക്ലബ്ബില്‍ ചേര്‍ന്ന പത്രസമ്മേളനത്തില്‍ ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് പ്രസിഡണ്ട് വി.എ.കൊച്ചു ലാസര്‍, സെക്രട്ടറി എം.എം.മുഹ്‌സിന്‍, ട്രഷറര്‍ എം.കെ.മുഹമ്മദ് ബഷീര്‍, ജോ. കണ്‍വീനര്‍ പി.എസ്.ബിജോയ്, മുന്‍ ജില്ലാ കണ്‍വീനര്‍ വി.എ.ജനീഫര്‍, എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!