നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ആറ് പ്രതികൾക്ക് ശിക്ഷ വിധിച്ചു. കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ രണ്ട് മുതൽ ആറ് വരെയുള്ള പ്രതികൾക്കെല്ലാം ഒന്നാം പ്രതിക്ക് നൽകിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.
ഒന്നാം പ്രതി പൾസർ സുനിക്ക് 20 വർഷം കഠിന തടവ് 3,00,000 രൂപ പിഴ, രണ്ടാം പ്രതി മാർട്ടിൻ ആന്റണിക്ക് 20 വർഷം കഠിന തടവ്1,00, 000 രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വർഷം കഠിന തടവ് 75, 000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി പി 20 വർഷം കഠിന തടവ് 75, 000 രൂപ പിഴ, അഞ്ചാം പ്രതി വടിവാൾ സലീമിന് 20 വർഷം കഠിന തടവ് 75, 000 രൂപ പിഴ, ആറാം പ്രതി പ്രദീപിന് 20 വർഷം കഠിന തടവും 75, 000 രൂപ പിഴയുമാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്.
വിവിധ കുറ്റങ്ങളിലായി പ്രതികൾക്ക് കോടതി വിധിച്ചിരിക്കുന്ന പിഴയിൽ നിന്ന് അഞ്ച് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കുന്നു. എട്ട് വർഷത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികൾക്കും വിചാരണക്കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. റിമാൻഡ് കാലാവധി കഴിഞ്ഞുള്ള കാലയളവ് മാത്രം പ്രതികൾ ശിക്ഷ അനുഭവിച്ചാൽ മതിയെന്നും ഉത്തരവിലുണ്ട്. ഇത് പ്രകാരം ഒന്നാം പ്രതി പൾസർ സുനി ഇനി പന്ത്രണ്ടര വർഷം ജയിലിൽ കിടന്നാൽ മതി. രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി പതിനഞ്ച് വർഷം ശിക്ഷ അനുഭവിക്കണം. മൂന്നാം പ്രതി ബി മണികണ്ഠൻ പതിനഞ്ചര വർഷവും നാലാം പ്രതി വി പി വിജീഷ് പതിനഞ്ച് വർഷം, അഞ്ചാം പ്രതി എച്ച് സലീം പതിനെട്ടര വർഷം, ആറാം പ്രതി പ്രദീപ് പതിനേഴ് വർഷം എന്നിങ്ങനെയാണ് മറ്റ് പ്രതിക അനുഭവിക്കേണ്ട ശിക്ഷാ കാലയളവ്.
കോടതി വിധി ന്യായം ഇങ്ങനെ
ശിക്ഷ വിധിക്കുമ്പോൾ, കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കോടതി കണക്കിലെടുക്കേണ്ടതുണ്ട്. ശിക്ഷ വിധിക്കുമ്പോൾ സമൂഹത്തോടും കുറ്റവാളിയോടും നീതി പുലർത്തുന്ന രീതിയിൽ സന്തുലിതമായിരിക്കണം കാര്യങ്ങൾ പരിഗണിക്കേണ്ടത്. കുറ്റകൃത്യത്തിന്റെ ചരിത്രം, പ്രതിയുടെ തിരുത്തപ്പെടാനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യങ്ങൾ എന്നിവയും പരിഗണിക്കണം. ശിക്ഷ വിധിക്കുമ്പോൾ കോടതി വികാരങ്ങൾക്ക് അടിപ്പെടാനോ പക്ഷപാതപരമായി പെരുമാറാനോ പാടില്ല.
അതേസമയം, പ്രതികളുടെ പ്രവൃത്തി സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതായിരുന്നു എന്ന വസ്തുത കോടതിക്ക് പരിഗണിക്കാതിരിക്കാൻ കഴിയില്ല. ഇരയായ സ്ത്രീയുടെ സുരക്ഷിതത്വത്തിനുള്ള അവകാശം ലംഘിക്കപ്പെടുകയും, അവരിൽ ഭയവും അപമാനവും നിസ്സഹായതയും ഉണ്ടാക്കുകയും ചെയ്തു. ഇത് അവർക്ക് മാനസികമായ ആഘാതവും നൽകി. സുഹൃത്തിന്റെ വീട്ടിലേക്ക് പോകുംവഴിയാണ് അവർ ആക്രമിക്കപ്പെട്ടത് എന്നതും, മുൻകൂട്ടി കാണാതെയുള്ള സംഭവമായിരുന്നു ഇതെന്നതും പരിഗണിക്കേണ്ടതുണ്ട്.
എന്നിരുന്നാലും, പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം, ഒന്നാം പ്രതിയൊഴികെ ബാക്കിയുള്ളവർക്ക് മറ്റ് ക്രിമിനൽ പശ്ചാത്തലമില്ലെന്ന വാദം എന്നിവയും കോടതി പരിഗണിക്കുന്നു. 40 വയസ്സിൽ താഴെയാണ് എല്ലാ പ്രതികളുടെയും പ്രായം. നിർഭയ കേസിൽ (മുകേഷ് v. സ്റ്റേറ്റ് ഓഫ് ഡൽഹി) സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങൾ ഇവിടെ പ്രസക്തമാണ്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അവരുടെ ആത്മാഭിമാനത്തെ മാത്രമല്ല, സമൂഹത്തിന്റെ വികാസത്തെയും ബാധിക്കുന്നു. ലിംഗ നീതിയെക്കുറിച്ച് പൊതുസമൂഹത്തെ ബോധവത്കരിക്കേണ്ടതിന്റെ ആവശ്യകതയും വിധയിൽ പരാമർശിക്കുന്നുണ്ട്.
മുകളിൽ പറഞ്ഞ സാഹചര്യങ്ങൾ കണക്കിലെടുക്കുമ്പോൾ, പരമാവധി ശിക്ഷ (വധശിക്ഷയോ ജീവപര്യന്തമോ) നൽകേണ്ട സാഹചര്യമില്ലെന്ന് കോടതി കാണുന്നു. അതിനാൽ പ്രതികൾക്ക് താഴെ പറയുന്ന ശിക്ഷ വിധിക്കുന്നു:
ശിക്ഷാ വിവരങ്ങൾ:
പ്രതികൾ A1 മുതൽ A6 വരെ: ഐ.പി.സി സെക്ഷൻ 376(D) (കൂട്ടബലാത്സംഗം) പ്രകാരം 20 വർഷം കഠിനതടവും, ഓരോരുത്തരും 50,000 രൂപ പിഴയും അടയ്ക്കണം. പിഴ അടച്ചില്ലെങ്കിൽ 1 വർഷം കൂടി കഠിനതടവ് അനുഭവിക്കണം.
പ്രതികൾ A1 മുതൽ A6 വരെ: ഐ.പി.സി സെക്ഷൻ 342 (അന്യായമായി തടങ്കലിൽ വെക്കൽ) പ്രകാരം 1 വർഷം വെറും തടവ് (Simple Imprisonment).
ഐ.പി.സി സെക്ഷൻ 366, 354(B) തുടങ്ങിയ വകുപ്പുകൾക്ക് പ്രത്യേക ശിക്ഷ വിധിക്കുന്നില്ല.
ഐ.പി.സി സെക്ഷൻ 357 പ്രകാരം 1 വർഷം തടവ്.
മറ്റൊരു വകുപ്പ് പ്രകാരം (ഓഡിയോയിൽ വ്യക്തമല്ല, സെക്ഷൻ 354B ആകാം) 10 വർഷം കഠിനതടവും 25,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 6 മാസം കൂടി തടവ്.
പ്രത്യേക ശിക്ഷകൾ:
- ഒന്നാം പ്രതി (A1 – പൾസർ സുനി):
- ഐ.ടി ആക്ട് സെക്ഷൻ 66E പ്രകാരം: 3 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും (അടച്ചില്ലെങ്കിൽ 6 മാസം തടവ്).
ഐ.ടി ആക്ട് സെക്ഷൻ 67A പ്രകാരം: 5 വർഷം കഠിനതടവും 1 ലക്ഷം രൂപ പിഴയും (അടച്ചില്ലെങ്കിൽ 6 മാസം തടവ്). - രണ്ടാം പ്രതി (A2 – മാർട്ടിൻ)
- ഐ.പി.സി സെക്ഷൻ 201 (തെളിവ് നശിപ്പിക്കൽ) പ്രകാരം: 3 വർഷം കഠിനതടവും 25,000 രൂപ പിഴയും (അടച്ചില്ലെങ്കിൽ 6 മാസം തടവ്).
മറ്റ് ഉത്തരവുകൾ: - വിവിധ കുറ്റങ്ങൾക്കുള്ള ശിക്ഷകൾ പ്രതികൾ ഒരുമിച്ച് അനുഭവിച്ചാൽ മതി (Sentences shall run concurrently).
- വിചാരണ കാലയളവിൽ ജയിലിൽ കിടന്ന സമയം ശിക്ഷാ കാലാവധിയിൽ വകവെച്ചു നൽകുന്നതാണ് (Set off allowed).
- ഈടാക്കുന്ന പിഴത്തുക ഇരയായ സ്ത്രീക്ക് (PW1) നൽകണം.
- തൊണ്ടിമുതലായ മൊബൈൽ ഫോണും പെൻഡ്രൈവും അന്വേഷണ ഉദ്യോഗസ്ഥന്റെ കസ്റ്റഡിയിൽ സൂക്ഷിക്കണം. അപ്പീൽ കാലാവധിക്ക് ശേഷം മാത്രമേ ഇവ നശിപ്പിക്കാൻ പാടുള്ളൂ.
നേരത്തെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യരുത് എന്ന വിചാരണ കോടതി ജഡ്ജി മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിക്കൂട്ടിൽ കയറ്റിയ പ്രതികളോട് ശിക്ഷാവിധിയിൽ എന്താണ് പറയാനുള്ളതെന്ന് കോടതി ചോദിച്ചിരുന്നു. വീട്ടിൽ അമ്മ മാത്രമേയുള്ളു എന്നായിരുന്നു പൾസർ സുനി പറഞ്ഞത്. കേസിൽ താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്നും നിരപരാധിയാണെന്നും അസുഖബാധിതരായ മാതാപിതാക്കൾ മാത്രമേയുള്ളു എന്നായിരുന്ന രണ്ടാം പ്രതി മാർട്ടിൻ ആൻ്റണി കരഞ്ഞ് കൊണ്ട് പറഞ്ഞത്. അഞ്ചര കൊല്ലം ജയിലിൽ കഴിഞ്ഞെന്നും ശിക്ഷാവിധിയിൽ ഇളവ് വേണമെന്നും മാർട്ടിൻ കോടതിയോട് പറഞ്ഞു. ഭാര്യയും കുഞ്ഞുങ്ങളും മാത്രമേ ഉള്ളുവെന്നും മനസ്സറിഞ്ഞ് തെറ്റൊന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മൂന്നാംപ്രതി ബി മണികണ്ഠൻ കോടതിയിൽ പറഞ്ഞത്. ജയിൽശിക്ഷ ഒഴിവാക്കി നൽകണമെന്നും മണികണ്ഠൻ കോടതിയോട് അഭ്യർത്ഥിച്ചു. ഏറ്റവും കുറഞ്ഞ ശിക്ഷ നൽകണമെന്നായിരുന്നു നാലാം പ്രതി വിജീഷ് കോടതിയോട് അഭ്യർത്ഥിച്ചത്. കണ്ണൂർ ജയിലിലേയ്ക്ക് അയക്കണമെന്നും വിജീഷ് ആവശ്യപ്പെട്ടു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നായിരുന്നു അഞ്ചാം പ്രതി വടിവാൾ സലിം കോടതിയിൽ പറഞ്ഞത്. ഭാര്യയുടെയും ഒരു വയസ്സുള്ള കുഞ്ഞിൻ്റെയും ഏക ആശ്രയം താനാണെന്നും സലീം കോടതിയിൽ പറഞ്ഞു. കുടുംബത്തിൻ്റെ ഏകആശ്രയം താനാണെന്നായിരുന്നു ആറാം പ്രതി പ്രദീപ് കോടതിയിൽ പറഞ്ഞത്. പ്രദീപും കോടതിയിൽ പൊട്ടിക്കരഞ്ഞു.
പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നായിരുന്നു പ്രോസിക്യൂഷൻ വിചാരണ കോടതിയോട് ആവശ്യപ്പെട്ടത്. ആസൂത്രിതമായ കുറ്റകൃത്യമാണ് പ്രതികൾ നടത്തിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. എല്ലാ പ്രതികൾക്കും ഒരേ ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഒന്നാം പ്രതിയാണ് യഥാർത്ഥ പ്രതിയെന്നും മറ്റുള്ളവർ ഒന്നാം പ്രതിയെ സഹായിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ്റെ വാദത്തിന് മറുപടിയായി വിചാരണ കോടതി ചൂണ്ടിക്കാണിച്ചിരുന്നു. കൂട്ടബലാത്സംഗക്കുറ്റത്തിലെ ശിക്ഷയിലാണ് ചോദ്യമെന്നും ക്രിമിനല്‍ ഗൂഡാലോചനയിലെ ശിക്ഷയിലല്ല ചോദ്യമെന്നും കോടതി വ്യക്തമാക്കിയിരുന്നു. ജീവപര്യന്തം നല്‍കിയില്ലെങ്കില്‍ എന്തുകൊണ്ടെന്ന കാരണം വ്യക്തമാക്കേണ്ടിവരുമെന്ന് പറഞ്ഞ കോടതി 20 വര്‍ഷമാണ് (കുറഞ്ഞ ശിക്ഷ) നല്‍കുന്നതെങ്കിലും കാരണം ശിക്ഷാവിധിയില്‍ ബോധ്യപ്പെടുത്തണമെന്നും വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് വ്യക്തത തേടുന്നത് എന്നും കോടതി ചൂണ്ടിക്കാണിച്ചു. 376(ഡി) പ്രകാരം നടന്നത് കൂട്ടബലാത്സംഗമാണെന്നായിരുന്നു പ്രോസിക്യൂഷൻ മറുപടി. ഒന്നാം പ്രതിയ്ക്ക് മാത്രമായി പ്രത്യേക ശിക്ഷ നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാണിച്ചു. ഒന്നാം പ്രതിയും മറ്റുപ്രതികളും ചെയ്ത ശിക്ഷയ്ക്ക് വ്യത്യാസമില്ലെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി.
പ്രോസിക്യൂഷൻ വാദത്തിന് ശേഷം പ്രതിഭാഗം വാദവും വാദമുഖങ്ങൾ അവതരിപ്പിച്ചു. അനുകൂല സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗം വിചാരണ കോടതിയോട് ആവശ്യപ്പെട്ടു. പ്രതികൾക്ക് മാനസാന്തരത്തിന് അവസരമൊരുക്കണമെന്നും പ്രതിഭാഗം വാദിച്ചു. അതിക്രൂരമായ ബലാത്സംഗം നടന്നാൽ മാത്രമേ മാക്സിമം ശിക്ഷ നൽകാൻ ആകൂവെന്നായിരുന്നു പൾസർ സുനിയുടെ അഭിഭാഷകൻ്റെ വാദം. അതിജീവിതയുടെ നിസ്സഹായ അവസ്ഥ പരിഗണിക്കേണ്ടത് അല്ലേ എന്നായിരുന്നു വിചാരണ കോടതിയുടെ ഇതിനോടുള്ള പ്രതികരണം. സ്ത്രീയുടെ സകല അന്തസ്സും അഭിമാനവും(supreme dignity) പ്രധാനം അല്ലെ എന്നും കോടതി ചോദിച്ചു. പ്രതിഭാഗത്തിൻ്റെ വാദത്തെ പ്രോസിക്യൂഷൻ എതിർത്തു.
സുനിയുടെ അമ്മ രോഗിയെന്നും അമ്മയുടെ അസുഖം പരിഗണിക്കണമെന്നും പൾസർ സുനിയുടെ അഭിഭാഷകൻ വാദിച്ചു. രണ്ടാം പ്രതി മാർട്ടിൻ്റെ അഭിഭാഷകൻ ഓൺലൈനായാണ് വാദത്തിന് ഹാജരായത്. ഏറ്റവും കുറഞ്ഞ ശിക്ഷ തൻ്റെ കക്ഷിക്ക് നൽകണമെന്നായിരുന്നു മാർട്ടിൻ്റെ അഭിഭാഷകൻ വാദിച്ചത്. കൂട്ടബലാത്സംഗ കുറ്റം ബാധകമല്ലെന്നും മാർട്ടിൻ ഒരു പെറ്റി കേസിൽ പോലും പ്രതിയായിട്ടില്ലെന്നും മാർട്ടിൻ്റെ അഭിഭാഷകൻ വാദിച്ചു. കുടുംബ പ്രാരാബ്ധങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു മൂന്നാം പ്രതി അഭിഭാഷകൻ്റെ വാദം. ഒന്നര സെൻ്റ് സ്ഥലത്താണ് കടുംബം താമസിക്കുന്നതെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും മണികണ്ഠൻ്റെ അഭിഭാഷകൻ വാദിച്ചു. ഒരു പെറ്റികേസിൽ പോലും മണികണ്ഠൻ പ്രതിയല്ലെന്നും റിമാൻഡ് കാലാവധി ശിക്ഷയിൽ നിന്നും കുറയ്ക്കണമെന്നും മണികണ്ഠൻ്റെ വക്കീൽ ആഭ്യർത്ഥിച്ചു.
കേസ് തുടങ്ങിയപ്പോൾ മുതൽ ഓരോരുത്തരും സ്വാർത്ഥ താൽപ്പര്യത്തിനായി ഓരോന്ന് ചെയ്തു അത് ഇനിയും ആവർത്തിക്കരുതെന്നും പ്രതിഭാഗം വാദത്തിനിടെ കോടതി മുന്നറിയിപ്പ് നൽകി. അഭിപ്രായം പറയാൻ താൽപര്യമുള്ളവർ വിധിന്യായം വായിക്കണമെന്നും പ്രതിഭാഗം വാദം ഉന്നയിക്കുന്നതിൽ പ്രൊസിക്യൂഷൻ ആശങ്കപ്പെടേണ്ടെന്നും പ്രതിഭാഗം വാദത്തിനിടെ കോടതിയുടെ പരാമർശം ഉണ്ടായി.
റിപ്പോർട്ടർ ടിവിക്കെതിരെ എട്ടാം പ്രതിയായിരുന്ന ദിലീപ് നൽകിയ കോടതിയലക്ഷ്യ ഹർജിയും കോടതി പരിഗണിച്ചു. കോടതി അലക്ഷ്യ ഹർജികളിൽ സംസ്ഥാന സർക്കാരിനെ കോടതി എതിർകക്ഷിയാക്കി. കോടതിയലക്ഷ്യ ഹർജികൾ ഡിസംബർ 18ന് പരിഗണിക്കാനായി കോടതി മാറ്റി.



