പുതുവർഷ പുലരിയിലും ഇന്ത്യൻ ഫുട്‍ബോളിന് നല്ല വാർത്തയില്ല. ഐ എസ് എൽ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ അഡ്രിയാൻ ലൂണ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിന് വേണ്ടി കളിക്കില്ല എന്നതാണ് പുതിയ സങ്കട വാർത്ത. കേരള ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ ഔദ്യോഗികമായി അറിയിച്ചത്
2025–26 സീസണിൽ താരം വായ്പയിൽ ഒരു വിദേശ ക്ലബിന് വേണ്ടി കളിക്കുമെന്നാണ് മലയാളി ക്ലബ് അറിയിച്ചത്. കളിക്കാരനും ക്ലബ്ബും തമ്മിലുള്ള പരസ്പര സമ്മതത്തോടെയുള്ള കരാറാണിതെന്നും ക്ലബ് അറിയിച്ചു.
നാല് വർഷമായി കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് ഉറുഗ്വെകാരനായ 33 കാരനായ അഡ്രിയാൻ ലൂണ.2021 മുതൽ കേരള ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ് അഡ്രിയാൻ ലൂണ. 87 മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സ് ജഴ്സിയണിഞ്ഞ ലൂണ 15 ഗോളുകളാണ് നേടിയത്.
കഴിഞ്ഞ സീസണിൽ താരത്തിൻ്റെ പ്രകടനം അത്ര നന്നായിരുന്നില്ല. ക്ലബിൻ്റെയും തൻ്റെയും പ്രകടനങ്ങളിൽ ലൂണ വളരെ നിരാശനായിരുന്നു. ശേഷം ഐ എസ് എൽ പ്രതിസന്ധിയിലായതും താരത്തെ കുഴക്കി. ഐ എസ് എൽ നടത്താൻ ലൂണ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനോട് പരസ്യമായി അപേക്ഷിച്ചതും വാർത്തയായിരുന്നു.
അതേ സമയം വേദിയും മറ്റും കുറച്ച് വളരെ കുറഞ്ഞ ചിലവിൽ പുതിയ സീസൺ ഐ എസ് എൽ നടത്താനാണ് ഇപ്പോൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ആലോചിക്കുന്നത്.



