നെന്‍മിനി ശ്രീബലരാമക്ഷേത്രത്തില്‍ ശ്രീ ബലരാമജയന്തി അക്ഷയതൃതീയ മഹോത്സവത്തിന് തുടക്കമായി. ഏപ്രില്‍ 21 മുതല്‍ 30 വരെയാണ് ഉത്സവാഘോഷങ്ങള്‍ നടക്കുകയെന്ന് ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. ആദ്യദിനത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷം മെഗാ തിരുവാതിര ഉണ്ടായിരിക്കും. തുടര്‍ന്നുള്ള കലാപരിപാടികള്‍ ഗുരുവായൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും. തുടര്‍ ദിവസങ്ങളില്‍ നാരായണീയ പാരായണം, അഷ്ടപതി, പ്രഭാഷണം, കഥാപ്രസംഗം, സംഗീത സന്ധ്യ, ഭരതനാട്യം, കളരിപ്പയറ്റ്, ഗാനമേള തുടങ്ങിയ കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഏപ്രില്‍ 30 ന് ബലരാമജയന്തിയോടനുബന്ധിച്ച് രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്‌മശ്രീ പുലിയന്നൂര്‍ ശങ്കരനാരായണന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ സപ്ത ശുദ്ധി കലശാഭിഷേകം നടക്കും.