ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപനവുമായി ഇന്ത്യൻ താരം അമിത് മിശ്ര. 25 വർഷത്തോളം നീണ്ടുനിന്ന കരിയറിനാണ് മിശ്ര വിരാമം കുറിച്ചത്. അടുത്ത തലമുറക്ക് വഴിമാറികൊടുക്കാനുള്ള സമയമാണ് ഇതെന്ന് മിശ്ര പറഞ്ഞു.
ക്രിക്കറ്റിലെ എന്റെ 25 വർഷം ഓർത്തിരിക്കാൻ പാകത്തിലുള്ളതാണ്. ബിസിസിഐയോടും അഡ്മിനിസ്‌ട്രേഷനോടും ഹരിയാനം ക്രിക്കറ്റിനോടും, സഹകളിക്കാരോടും, കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നു. എണ്ണി തീർക്കാൻ സാധിക്കാത്ത ഓർമകളും പാഠങ്ങളുമാണ് ക്രിക്കറ്റ് എനിക്ക് നൽകിയത്. ഗ്രൗണ്ടിലെ ഓരോ ഓർമകളും ഞാൻ നിധി പോലെ കാത്തുസൂക്ഷിക്കും,’ മിശ്ര വിരമിക്കൽ സ്‌റ്റേറ്റ്‌മെന്റിൽ കുറിച്ചു.
കോച്ചിങ്, കമന്ററി എന്നീ മേഖലകളിലൂടെ ക്രിക്കറ്റിൽ സജീവമായി തുടരുമെന്നും യുവതാരങ്ങളെ സഹായിക്കുമെന്നും മിശ്ര കൂട്ടിച്ചേർക്കുന്നു. സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് ചാനലിലൂടെയും ആരാധകരുമായും താൻ ബന്ധം നിലിർത്തുമെന്നും അദ്ദേഹം പറഞ്ഞു.
2003ൽ ബംഗ്ലാദേശിനെതിരെയാണ് മിശ്ര ഏകദിന അരങ്ങേറ്റം കുറിച്ചത്. 2008ൽ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിലും താരം ഇന്ത്യക്ക് വേണ്ടി അരങ്ങേറി. ഇന്ത്യക്കായി 22 ടെസ്റ്റിൽ നിന്നും 76 വിക്കറ്റും 36 ഏകദിനത്തിൽ നിന്നും 64 വിക്കറ്റും 10 ടി20 മത്സരത്തിൽ നിന്നും 16 വിക്കറ്റും മിശ്ര നേടിയിട്ടുണ്ട്.
ഐപിഎല്ലിൽ 162 മത്സരങ്ങളിൽ കളിച്ച മിശ്ര 174 വിക്കറ്റുകൾ സ്വന്തം പേരിൽ കുറിച്ചു. ഐപിഎല്ലിൽ മൂന്ന് ഹാട്രിക്ക് നേടിയ ഏക ബൗളറും മിശ്രയാണ്.