പുതിയ മാര്‍പാപ്പയെ തിരഞ്ഞെടുത്ത് കത്തോലിക്ക സഭ. കര്‍ദിനാള്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെ ആണ് പുതിയ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സെന്റ്. പീറ്റേഴ്‌സ് ബസിലിക്കയിലെ ബാല്‍ക്കണിയിലെത്തിയാണ് പുതിയ മാര്‍പാപ്പയെ പ്രഖ്യാപിച്ചത്.ലിയോ പതിനാലാമന്‍ എന്ന പേരായിരിക്കും നിയുക്ത മാര്‍പാപ്പ സ്വീകരിക്കുക. അമേരിക്കയിലെ ഷിക്കാഗോ സ്വദേശിയാണ് റോബര്‍ട്ട് പെര്‍വോസ്റ്റ്. കത്തോലിക്ക സഭാ ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയില്‍ നിന്നുള്ള ഒരാള്‍ മാര്‍പാപ്പയാകുന്നത്. 30 വര്‍ഷത്തോളം ഒരു മിഷനറിയായി പ്രവര്‍ത്തിച്ച റോബര്‍ട്ട് പെര്‍വോസ്റ്റ് പെറുവില്‍ പിന്നീട് ആര്‍ച്ച് ബിഷപ്പായും പ്രവര്‍ത്തിച്ചു.
പാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് നടക്കുന്ന സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽനിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിക്കപ്പെട്ടത്.
വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുത്തു. അതിനാൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിന് ഒരാൾക്ക് 89 വോട്ട് വേണ്ടിവരും. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിച്ചു. കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാനി ബറ്റിസ്റ്റ റേയായിരുന്നു മുഖ്യകാർമികൻ.