ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ, അതിശൈത്യത്തെ അതിജീവിച്ച് നാസയുടെ മുന്നൊരുക്കം, ആർട്ടെമിസ് 2 വെറ്റ് ഡ്രസ് റിഹേഴ്സൽ ഫെബ്രുവരി 19ന്

അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രന്റെ ചാരത്തെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതി ആർട്ടെമിസ് 2 വിക്ഷേപണത്തിന് സജ്ജമാകുന്നു. അമേരിക്കയിലെ ഫ്ലോറിഡയിൽ അനുഭവപ്പെടുന്ന കഠിനമായ അതിശൈത്യം വിക്ഷേപണ ഒരുക്കങ്ങൾക്ക് ചെറിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഫെബ്രുവരി മാസത്തിൽ തന്നെ ദൗത്യം ചരിത്രം കുറിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ശാസ്ത്രലോകം. വിക്ഷേപണത്തിന് മുന്നോടിയായുള്ള ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണമായ വെറ്റ് ഡ്രസ് റിഹേഴ്സൽ ഫെബ്രുവരി 19-ന് നടക്കും. 322 അടി -98 മീറ്റർ ഉയരമുള്ള വമ്പൻ എസ്എൽഎസ് റോക്കറ്റിൽ അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധനയാണിത്.കഴിഞ്ഞ തവണ റിഹേഴ്സൽ നടത്തിയപ്പോൾ ഹൈഡ്രജൻ ചോർച്ച ഉൾപ്പെടെയുള്ള ഗുരുതരമായ സാങ്കേതിക പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. ഇത് പരിഹരിച്ച ശേഷമാണ് പുതിയ പരിശോധനയ്ക്ക് നാസ ഒരുങ്ങുന്നത്. ഈ റിഹേഴ്സൽ വിജയകരമായി പൂർത്തിയാക്കിയ ശേഷം മാത്രമേ അന്തിമ വിക്ഷേപണ തീയതി നാസ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്റർ പരിസരത്ത് അനുഭവപ്പെടുന്ന കഠിനമായ മഞ്ഞുവീഴ്ചയും തണുപ്പും കാരണം വിക്ഷേപണം നിശ്ചയിച്ചതിനേക്കാൾ രണ്ട് ദിവസം കൂടി വൈകുമെന്ന് നാസ അറിയിച്ചിരുന്നു.

ചരിത്രം തിരുത്താൻ നാലംഗ സംഘം

1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണിത്. പത്ത് ദിവസം നീളുന്ന യാത്രയിൽ ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് മടങ്ങുകയാണ് ലക്ഷ്യം. റീഡ് വൈസ്‌മാൻ – ദൗത്യ കമാൻഡർ, വിക്ടർ ഗ്ലോവർ – പൈലറ്റ്, ക്രിസ്റ്റീന കോച്ച് – മിഷൻ സ്പെഷ്യലിസ്റ്റ്, ജെറമി ഹാൻസെൺ (കനേഡിയൻ സ്പേസ് ഏജൻസി) – മിഷൻ സ്പെഷ്യലിസ്റ്റ് എന്നിവരാണ് ദൗത്യ സംഘാംഗങ്ങൾ. നിലവിൽ ഹൂസ്റ്റണിൽ ക്വാറണ്ടൈനിൽ കഴിയുന്ന ഇവർ ഉടൻ തന്നെ ഫ്ലോറിഡയിലെത്തും. ഇവരെ വഹിക്കുന്ന ഒറൈയോൺ പേടകം ചന്ദ്രോപരിതലത്തിൽ ഇറങ്ങില്ലെങ്കിലും, ചന്ദ്രന്റെ ഭ്രമണപഥത്തിൽ മനുഷ്യസാന്നിധ്യം ഉറപ്പാക്കുന്നത് ഭാവിയിലെ ചൊവ്വാ ദൗത്യങ്ങൾക്കും ആർട്ടെമിസ് 3-നും വലിയ ഊർജ്ജമാകും.

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയ അപ്പോളോ ദൗത്യങ്ങൾക്കും സ്പേസ് ഷട്ടിലുകൾക്കും വേദിയായ കെന്നഡി സ്പേസ് സെന്ററിലെ 39 ബി ലോഞ്ച് പാഡിൽ നിന്നാണ് എസ്എൽഎസ് റോക്കറ്റ് കുതിച്ചുയരുക. 2022-ൽ നടന്ന ആർട്ടെമിസ് 1 ദൗത്യം വിജയകരമായതിനെത്തുടർന്നാണ് മനുഷ്യനെ അയക്കാനുള്ള രണ്ടാമത്തെ ദൗത്യം ഇപ്പോൾ നടപ്പിലാക്കുന്നത്. 2027-ലോ 2028-ലോ നടക്കുന്ന ആർട്ടെമിസ് 3 ദൗത്യത്തിലൂടെയാകും മനുഷ്യൻ വീണ്ടും ചന്ദ്രോപരിതലത്തിൽ കാൽ കുത്തുക.

ADVERTISEMENT