ആഗോള കത്തോലിക്കാ സഭയുടെ മാർപാപ്പയായി ലെയോ പതിനാലാമൻ സ്ഥാനമേറ്റു. രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവിലാണ് ലെയോ പതിനാലാമൻ മാര്‍പാപ്പയായി ചുമതലയേറ്റത്. വിശുദ്ധ പത്രോസിന്റെ കബറിടത്തിലെത്തി പ്രാര്‍ത്ഥിച്ചതിനുശേഷമാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിലേക്കുള്ള പ്രദക്ഷിണം ആരംഭിച്ചത്. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് ചങ്ങുകള്‍ ആരംഭിച്ചത്. മൂന്നരയോടെ കുര്‍ബാന ചടങ്ങുകള്‍ പൂര്‍ത്തിയായി. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന വേദിയിലാണ് ചടങ്ങുകള്‍ നടന്നത്. ലെയോ പതിനാലാമൻ മാര്‍പാപ്പയുടെ കാര്‍മികത്വത്തിലാണ് സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ കുര്‍ബാന നടന്നത്. കുര്‍ബാനമധ്യേ വലിയ ഇടയന്റെ വസ്ത്രവും സ്ഥാനമോതിരവും മാര്‍പാപ്പ ഏറ്റുവാങ്ങി. കുര്ബാനയ്ക്കൊടുവിൽ പത്രോസിന്റെ പിന്‍ഗാമിയായി മാര്‍പാപ്പ സഭയുടെ സാരഥ്യം ഏറ്റെടുത്തു. കത്തോലിക്ക സഭയുടെ 267ാം മാര്‍പാപ്പയായാണ് ലെയോ പതിനാലാമൻ ചുമതലയേൽക്കുന്നത്.