ഗുരുവായൂര്‍ പൂക്കോട് താഴിശ്ശേരിയില്‍ രണ്ടുമാസമായി അടഞ്ഞുകിടന്ന വീട്ടില്‍ മോഷണശ്രമം. താഴിശ്ശേരി മേലേടത്തയില്‍ ഹംസയുടെ വീട്ടിലാണ് മോഷണശ്രമം നടന്നത്.ഹംസയും കുടുംബവും രണ്ടുമാസമായി ഗള്‍ഫിലായിരുന്നു. നാളെ കുടുംബം നാട്ടിലേക്ക് മടങ്ങാനിരിക്കെ, വീട് വൃത്തിയാക്കാനായി ബന്ധുക്കള്‍ എത്തിയപ്പോഴാണ് മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ടത്. വീടിന്റെ രണ്ട് വാതിലുകള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു. വീടിനുള്ളിലെ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലും കണ്ടെത്തി. വിലപിടിപ്പുള്ള വാച്ചുകളും മൊബൈല്‍ ഫോണുകളും ഉണ്ടായിരുന്നെങ്കിലും ഇവ നഷ്ടപ്പെട്ടിട്ടില്ല. മോഷ്ടാക്കളുടേതെന്ന് കരുതുന്ന കാവിമുണ്ട് വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ഗുരുവായൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.



