അക്ബര്‍ ആലിക്കരയുടെ ‘ഗോസായിച്ചോറി’ന് അഷിത സ്മാരക സമിതി അവാര്‍ഡ്

ചാലിശ്ശേരി ആലിക്കര സ്വദേശിയായ അക്ബര്‍ ആലിക്കരയുടെ കഥാസമാഹാരം ഗോസായിച്ചോറിന് അഷിത സ്മാരക സമിതി അവാര്‍ഡ്.
10,000 രൂപയും പ്രശംസാപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. റോസ്‌മേരി, സന്തോഷ് ഏച്ചിക്കാനം, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എന്നിവരടങ്ങുന്ന ജൂറിയാണ് ജേതാക്കളെ നിര്‍ണ്ണയിച്ചത്. അക്ബര്‍, പൂര്‍ണ്ണ ഉറൂബ് ചെറുകഥ അവാര്‍ഡ്, എസ് കെ പൊറ്റെക്കാട്ട് പുരസ്‌കാരം, അക്കാഫ് പോപ്പുലര്‍ ചെറുകഥ പുരസ്‌കാരം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പുരസ്‌കാരം എന്നിവയും നേടിയിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഷാര്‍ജ ബുക്‌ഫെയറില്‍ പ്രകാശനം ചെയ്ത പുസ്തകം ഹരിതം ബുക്‌സ് ആണ് പ്രസിദ്ധീകരിച്ചത്. പുരസ്‌കാരങ്ങള്‍ അഷിതയുടെ ചരമദിനമായ മാര്‍ച്ച് 27 ന് കോഴിക്കോട് നടക്കുന്ന ചടങ്ങില്‍ വെച്ച് സമ്മാനിക്കും. 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരം എം മുകുന്ദന് നല്‍കാന്‍ തീരുമാനിച്ചതായി ഭാരവാഹികളായ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, സന്തോഷ് ഏച്ചിക്കാനം, സുഭാഷ് പയ്യാവൂര്‍, രാജലക്ഷ്മി, വി കെ ഷീന, പ്രസാദ് നെല്ലിയാമ്പതി എന്നിവര്‍ അറിയിച്ചു.

ADVERTISEMENT