എരുമപ്പെട്ടി മങ്ങാട് ഭിന്നശേഷിക്കാരന് ഉള്‍പ്പടെ നാല് പേര്‍ക്ക് തേനീച്ച കുത്തേറ്റു. വടക്കുമുറി ചോല ക്വാറിയ്ക്കടുത്ത് താമസിക്കുന്ന മൂത്താട്ടുപറമ്പില് കുട്ടന് (60), മക്കളായ ഭിന്നശേഷിക്കാരന് ഹരിദാസന് (27), പ്രിന്‍സി (34), ബിജു (37) എന്നിവര്‍ക്കാണ് തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇന്ന് രാവിലെ 10.15 ഓടെയാണ് സംഭവം. സമീപത്തുള്ള ചോലക്വാറിയില് കൂട് കൂട്ടിയിരുന്ന
തേനീച്ച കൂട്ടത്തോടെ പറന്ന് വന്ന് കുത്തുകയായിരുന്നു. മുച്ചക്ര വാഹനത്തില്‍ ഇരിക്കുകയായിരുന്ന ഭിന്ന ശേഷിക്കാരനായ ഹരിദാസന് തേനീച്ചയുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ഹരിദാസനെ രക്ഷപ്പെടുത്താനെത്തിയ കുടുംബാംഗങ്ങള്‍ക്കും കുത്തേല്‍ക്കുകയായിരുന്നു. ഹരിദാസന് സാരമായി പരിക്കേറ്റിട്ടുണ്ട്. തേനീച്ചക്കൂട് പക്ഷികള്‍ കൊത്തിയിളക്കിയതാകാമെന്ന് പരിസരവാസികള്‍ പറയുന്നു. പരിക്കേറ്റ നാലു പേരെയും എരുമപ്പെട്ടി ആക്ട്സ് പ്രവര്‍ത്തകര്‍ അത്താണി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



