ചാവക്കാട് നഗരസഭ; എഫ്.എസ്.ടി.പി വാഹന സേവന നിരക്കുകള്‍ നിശ്ചയിച്ചു

ചാവക്കാട് നഗരസഭയുടെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതുതായി വാങ്ങിയ മൊബൈല്‍ ഫീക്കല്‍ സ്ലഡ്ജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (എഫ്.എസ്.ടി.പി)  വാഹനത്തിന്റെ സേവന നിരക്കുകള്‍ നിശ്ചയിച്ചു. കൗണ്‍സില്‍ യോഗത്തിലാണ്  പുതിയ നിരക്കുകള്‍ക്ക് അംഗീകാരം നല്‍കിയത്.നഗരസഭാ പരിധിക്കുള്ളിലെ വീടുകള്‍ക്ക് 6,000 രൂപയും പുറത്തുള്ളവര്‍ക്ക് 7,500 രൂപയുമാണ് സേവന നിരക്ക്. ഹോട്ടലുകള്‍ക്കും ലോഡ്ജുകള്‍ക്കും (8000 ലിറ്റര്‍ വരെ) നഗരപരിധിക്കുള്ളില്‍ 8,000 രൂപയും പുറത്ത് 10,000 രൂപയും ഈടാക്കും. ഫ്‌ലാറ്റുകള്‍ക്ക് (15000 ലിറ്റര്‍ വരെ) നഗരപരിധിക്കുള്ളില്‍ 20,000 രൂപയും പുറത്തുള്ളവര്‍ക്ക് 25,000 രൂപയുമാണ് നിരക്ക്.ബി.പി.എല്‍ ഗുണഭോക്താക്കള്‍ക്ക് 10% ഇളവും അനുവദിച്ചിട്ടുണ്ട്. നഗരസഭ പരിധിയിലെ വീടുകള്‍ക്ക് ആദ്യത്തെ ആറുമാസം 5000 രൂപ നിരക്കില്‍ ലഭിക്കും. നഗരത്തിലെ സെപ്റ്റിക് മാലിന്യ സംസ്‌കരണത്തിനായുള്ള പുതിയ പദ്ധതിയാണ് ഈ മൊബൈല്‍ എഫ്.എസ്.ടി.പി വാഹനം. കുറഞ്ഞ ചെലവില്‍ വീടുകളിലും സ്ഥാപനങ്ങളിലും എത്തി സെപ്റ്റിക് മാലിന്യം നീക്കം ചെയ്യാനുള്ള സൗകര്യം ഇതിലൂടെ ലഭ്യമാകും.

ADVERTISEMENT