ഗുരുവായൂര്‍ നഗരസഭയുടെ ആദ്യ കൗണ്‍സില്‍ യോഗത്തില്‍ തന്നെ കല്ല് കടിച്ചു. നഗരസഭ ഓഫീസിനു മുന്നില്‍ മദ്യക്കുപ്പികള്‍ കൊണ്ട് ക്രിസ്മസ് ട്രീ ഒരുക്കിയതാണ് പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയത്. മഞ്ജുളാലിനു സമീപം എകെജി സ്മാരക കവാടത്തിന് മുന്നിലാണ് പച്ച ബിയര്‍ കുപ്പികള്‍ ഉപയോഗിച്ച് നഗരസഭ ആരോഗ്യവിഭാഗം ക്രിസ്മസ് ട്രീ ഒരുക്കിയിരുന്നത്. പ്രതിപക്ഷ കൗണ്‍സിലര്‍ ബഷീര്‍ പൂക്കോടാണ് വിഷയം കൗണ്‍സിലില്‍ ഉന്നയിച്ചത്. കുട്ടികളും സ്ത്രീകളുമടക്കം ദിനംപ്രതി നൂറ് കണക്കിന് പേര് ക്ഷേത്രത്തിലേക്ക് നടന്നു പോകുന്ന വഴിയില്‍ ഇത്തരം കാഴ്ച തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശുചിത്വമിഷന്റെ സഹകരണത്തോടെ നിര്‍മ്മിച്ച ക്രിസ്മസ് ട്രീയാണെന്നും പുനരുപയോഗ്യമായതിനാലാന്ന് ഇത്തരം കുപ്പികള്‍ ഉപയോഗിച്ചതെന്നും നഗരസഭ സെക്രട്ടറി എച്ച്. അഭിലാഷ് കുമാര്‍ മറുപടി നല്കി. ആദ്യ യോഗമായതിനാല്‍ തര്‍ക്കത്തിന് മുതിരുന്നില്ലെന്നറിയിച്ച് പ്രതിപക്ഷം ശാന്തരായി. എന്നാല്‍ കൗണ്‍സില്‍ അവസാനിച്ച ശേഷം പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം സെക്രട്ടറിയുടെ മുറിയിലെത്തി പ്രതിഷേധം അറിയിച്ചു.



