ചാവക്കാട് ദേശീയ പാത 66 തിരുവത്ര അത്താണി പാലത്തില്‍ വീണ്ടും വിള്ളല്‍ കണ്ടെത്തി. ടി എം മഹല്‍ ഓഡിറ്റോറിയത്തിനു മുന്‍വശത്ത് പാലത്തിന്റെ കിഴക്കേ റണ്‍വേയില്‍ 40 മീറ്റളോളമാണ് വിള്ളല്‍ രൂപപ്പെട്ടിട്ടുള്ളത്. ഞായറാഴ്ച രാത്രി നടക്കാനിറങ്ങിയ തിരുവത്ര അത്താണിയിലെ യുവാക്കളായ കല്ലുവളപ്പില്‍ സമദ്, കല്ലുവളപ്പില്‍ ഉമ്മര്‍, കല്ലായില്‍ ഷമീര്‍ എന്നിവരുടെ ശ്രദ്ധയിപെട്ടതോടയാണ് പാലത്തിലെ വിള്ളല്‍ പുറം ലോകം അറിയുന്നത്.
രണ്ടു മാസം മുന്‍പ് മണത്തല ശിവക്ഷേത്രത്തിനു മുന്‍വശം പാലത്തില്‍ വിള്ളല്‍ രൂപപ്പെട്ടിരുന്നു. സംഭവം വാര്‍ത്തയായതോടെ ജില്ലാ കളക്ടര്‍ നിശ്ചയിച്ച പ്രത്യേക സമിതി അന്വേഷണം നടത്തിയിരുന്നു. ബിറ്റുമിന്‍ ക്രാക്ക് മാത്രമാണ് സംഭവിച്ചതെന്ന് പറഞ്ഞു കരാര്‍ കമ്പനിയായ ശിവാലയ ജീവനക്കാര്‍ ടാര്‍ ഒഴിച്ച് വിള്ളല്‍ അടക്കുകയായിരുന്നു. തിരുവത്ര അത്താണി പാലത്തിലെ വിള്ളല്‍ സിമന്റ് ഉപയോഗിച്ച് അടക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്.