ചങ്ങരംകുളത്ത് കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു; പിന്നില്‍ ലഹരി സംഘമെന്ന് സംശയം

മലപ്പുറം ചങ്ങരംകുളം ഉദിനുപറമ്പില്‍ സംഘര്‍ഷം. കോണ്‍ഗ്രസ് നേതാവിന് വെട്ടേറ്റു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നടുവിലവളപ്പില്‍ സുബൈര്‍ (45)ന് ആണ് വെട്ടേറ്റത്. സംഘര്‍ഷം തടയാനെത്തിയ റാഫി(39) ,ലബീബ് (21)എന്നിവര്‍ക്കും പരുക്കേറ്റു. മൂന്ന് പേരെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ലഹരി സംഘം ആണ് പിന്നിലെന്ന് സംശയം.

സുബൈറിന് തലക്കാണ് വെട്ടേറ്റത്.  ആള്‍ക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റിയത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. മാരകായുധങ്ങളുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. വടിവാള്‍ ഉപയോഗിച്ച് തലക്ക് വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് സുബൈര്‍ പറയുന്നു. കാറിലെത്തിയ സംഘം മൂന്ന് ബൈക്കുകള്‍ ഇടിച്ചുതെറിപ്പിച്ചു. ഇത് ചോദ്യം ചെയ്തതോടെ ആക്രമിക്കുകയായിരുന്നു.

മറ്റ് രണ്ട് പേര്‍ക്ക് കഴുത്തിനും പിന്‍ഭാഗത്തുമായാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുബൈറിനെ ആക്രമിച്ചത് തടയാനെത്തിയപ്പോഴാണ് ഇവരെ അക്രമി സംഘം മര്‍ദിച്ചത്. കസ്റ്റഡിയിലെടുത്ത മൂന്നു പേരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

 

ADVERTISEMENT