ഉചിതമായ തീരുമാനം ഉണ്ടാകും; രാഹുലിന്റെ രാജി അഭ്യൂഹം തള്ളാതെ സണ്ണി ജോസഫ്

എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി സംബന്ധിച്ച അഭ്യൂഹങ്ങളോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. തക്ക സമയത്ത് ഉചിതമായ തീരുമാനം അറിയിക്കുമെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാജി ആവശ്യം ആരും ഔദ്യോഗികമായി ഉന്നയിച്ചിട്ടില്ല. മുതിര്‍ന്ന നേതാക്കളുമായി താനും പ്രതിപക്ഷ നേതാവും ആശയവിനിമയം നടത്തിയിരുന്നു. ഉചിതമായ തീരുമാനം തക്കസമയത്ത് ഉണ്ടാകും. അഭ്യൂഹങ്ങള്‍ക്ക് അടിസ്ഥാനമില്ല. എല്ലാ അഭിപ്രായങ്ങളും പരിശോധിച്ച് പരിഗണിക്കും എന്നായിരുന്നു സണ്ണി ജോസഫിന്റെ പ്രതികരണം. രാഹുലിന്റെ രാജി സംബന്ധിച്ച അഭ്യൂഹങ്ങള്‍ തള്ളാതെയാണ് സണ്ണി ജോസഫ് പ്രതികരിച്ചത്.

അതിനിടെ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി നേതാക്കളുടെ അഭിപ്രായം തേടി. മുന്‍ കെപിസിസി അധ്യക്ഷന്മാരുടെ അഭിപ്രായമാണ് ഹൈക്കമാന്‍ഡ് നിര്‍ദേശ പ്രകാരം തേടുന്നത്. ഇതിന് രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരോട് ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ട് കൈമാറാന്‍ സണ്ണി ജോസഫിനോടും നിര്‍ദേശിച്ചു. റിപ്പോര്‍ട്ട് കിട്ടിയശേഷം കൃത്യമായ നിലപാട് സ്വീകരിക്കാമെന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് നേതൃത്വം കയ്യൊഴിഞ്ഞുവെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. രാഹുല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍. രാഹുല്‍ വിഷയത്തില്‍ മുസ്‌ലിം ലീഗും കടുത്ത അതൃപ്തിയിലാണ്. വിവാദങ്ങള്‍ മുന്നണിയെ ബാധിക്കുമെന്നാണ് മുസ്ലിം ലീഗിന്റെ ആശങ്ക. ഇക്കാര്യം മുസ്ലിം ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു. എന്നാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടന്‍ രാജിവെയ്ക്കേണ്ടെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍ രാഹുലിനെതിരെ തുടര്‍ച്ചയായി ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള ശബ്ദസംഭാഷണങ്ങള്‍ പുറത്തുവന്നതോടെ സംസ്ഥാന നേതൃത്വവും ഹൈക്കമാന്‍ഡും പ്രതിസന്ധിയിലായി. ഇന്ന് വൈകിട്ടോടെ രാഹുലിന്റെ രാജിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ADVERTISEMENT