റോഡുപണി മൂലം ദുരിതത്തിലായി വേലൂര്‍ ചുങ്കം – മുണ്ടൂര്‍ നിവാസികള്‍

പൊടി പടലങ്ങള്‍ ശ്വസിച്ച് കഴിയേണ്ട ഗതികേടിലാണ് വേലൂര്‍ ചുങ്കം – മുണ്ടൂര്‍ റോഡരുകില്‍ താമസിക്കുന്ന കുടുംബങ്ങള്‍. വേലൂര്‍ – മുണ്ടൂര്‍ റോഡിന്റെ നിര്‍മ്മാണത്തിനായി മെറ്റല്‍ വിരിച്ചതിന് ശേഷം ടാറിംഗ് നടത്താന്‍ കരാറുകാരന്‍ തയ്യാറാകാത്തതാണ് നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ഇതിനിടയില്‍ ആദ്യത്തെ കരാറുകാരന്‍ നിര്‍മ്മാണം ഉപേക്ഷിക്കുകയും ഇയാളെ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു, പിന്നീട് പണി ഏറ്റെടുത്ത കരാറുകാരന്‍ റോഡിന്റെ കുറച്ച് ഭാഗം ടാറിംഗ് നടത്തി.

എന്നാല്‍ ചുങ്കം സെന്റര്‍ മുതല്‍ ഏകദേശം രണ്ട് കിലോമീറ്റര്‍ ദൂരം ടാറിംഗ് നടത്താതെ മെറ്റല്‍ വിരിച്ച് കിടക്കുകയാണ്. വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ വലിയ തോതിലാണ് പൊടിപടലങ്ങളുയരുന്നത്. റോഡരികില്‍ താമസിക്കുന്ന കുടുംബങ്ങളും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരും വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. കുട്ടികളും വയോധികരും ഉള്‍പ്പടെയുള്ളവര്‍ക്ക് അലര്‍ജിയും ശ്വാസതടസവും അനുഭവപ്പെടുന്നതായും നാട്ടുകാര്‍ പറയുന്നു.

 

 

ADVERTISEMENT