തമിഴ്‌നാട് സ്വദേശിയെ കുത്തി കൊലപെടുത്തിയ കേസിലെ ഒന്നാം പ്രതിയായ എരനെല്ലൂര്‍ സ്വദേശിയെ വെറുതെ വിട്ടു. തൃശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ വെച്ച് തമിഴ്‌നാട് സ്വദേശിയായ ശേഖര്‍ എന്നയാളെ കുത്തി കൊലപെടുത്തി എന്ന കേസിലെ ഒന്നാം പ്രതി കേച്ചേരി എരനെല്ലൂര്‍ കളരിക്കല്‍ രാജുവിനെയണ് കുറ്റകാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. 2014ല്‍ ആണ് കേസിനാസ്പദമായ സംഭവം. ശേഖറിന്റെ മുറപെണ്ണുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള തര്‍ക്കവും വിരോധവും കൊലപാതകത്തിനു കാരണമായി എന്നാണ് കേസ്.
പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും ഇരുപതു സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകള്‍ ഹാജരാക്കുകയും ചെയ്തു എങ്കിലും പ്രോസിക്യൂഷന്‍ കേസ് വിശ്വസനീയമല്ലെന്ന പ്രതിഭാഗ വാദം കോടതി അംഗീകരിക്കുകയായിരുന്നു. മുറിവുകളിലെ പൊരുത്തക്കേടുകള്‍, എഫ് ഐ ആറിലുള്ള കാല താമസം, തുടങ്ങിയ പ്രതി ഭാഗ വാദങ്ങള്‍ അംഗീകരിച്ചാണ് തൃശൂര്‍ നാലാം അഡിഷണല്‍ ജില്ലാ ജഡ്ജി കെ. വി. രജനിഷ് ഒന്നാം പ്രതിയെ വെറുതെ വിട്ടത്. അഡ്വക്കറ്റ് സോജന്‍ ജോബ് ഒന്നാം പ്രതിക്ക് വേണ്ടി ഹാജരായി. ഒളിവില്‍ പോയ രണ്ടാം പ്രതി തമിഴ്‌നാട് സ്വദേശി കോടാലിയുടെ കേസ് സ്പ്‌ളിറ്റ് ചെയ്തതിനാല്‍ ഇയാള്‍ക്ക് വീണ്ടും വിചാരണ നേരിടേണ്ടി വരും.