സിഎസ്ഐ സഭാ കൊച്ചി മഹായിടവകയുടെ ബിഷപ്പായി റവ. കുര്യന്‍ പീറ്റര്‍ സ്ഥാനമേറ്റു. എറണാകുളം ബ്രോഡ് വേയിലെ
ഹോളി ഇമ്മാനുവല്‍ സിഎസ്ഐ കത്തീഡ്രലില്‍ വെള്ളിയാഴ്ച രാവിലെയായിരുന്നു സ്ഥാനാരോഹണ ശുശ്രൂഷകള്‍. സിഎസ്ഐ മോഡറേറ്റര്‍ മോസ്റ്റ് റവ.ഡോ.റൂബന്‍ മാര്‍ക്ക് കാര്‍മികത്വം വഹിച്ചു. നിരവധി മെത്രാപോലീത്തമാര്‍, വൈദികര്‍, സഭാവിശ്വാസികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രാര്‍ഥന നിര്‍ഭരമായ ശുശ്രൂഷകള്‍ നടന്നത്. ബിഷപ്പ് മലയില്‍ സാബു കോശി നേതൃത്വം നല്‍കി.
മഹായിടവകയിലെ സീനിയര്‍ വൈദികനും ഫോര്‍ട്ട് കൊച്ചി സെന്റ് ഫ്രാന്‍സിസ് സിഎസ്ഐ പള്ളി വികാരിയും അഡ്മിനിസ്ട്രേറ്റീവ് ഫിനാന്‍സ് ഡയറക്ടറുമാണ് കൊച്ചി മഹായിടവകയുടെ ബിഷപ്പായി സ്ഥാനമേറ്റ കടവന്ത്ര സ്വദേശിയായ റവ.കുര്യന്‍ പീറ്റര്‍. വിദ്യാഭ്യാസത്തിനും വൈദിക പഠനത്തിനും ശേഷം 1999ല്‍ ഡീക്കനായും 2000 ല്‍ വൈദികനായും അഭിഷിക്തനായി.ക്രിസ്ത്യന്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്മെന്റ് ഡയറക്ടര്‍, സണ്‍ഡേ സ്‌കൂള്‍ ജനറല്‍ സെക്രട്ടറി, കൊച്ചി തുറമുഖ ചാപ്ലൈയ്ന്‍ , സിഎസ്ഐ കൗണ്‍സലിങ് സെന്റര്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ച അദ്ദേഹം കാല്‍നൂറ്റാണ്ടിനിടെ മെല്‍ബണ്‍ അടക്കമുള്ള വിവിധ പള്ളികളില്‍ വികാരിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പരേതരായ കെ.ജെ.പീറ്ററിന്റെയും ആല്യമ്മ പീറ്ററിന്റെയും മകനാണ്. സ്മിത മേരി മാത്യുവാണ് ഭാര്യ. കൃപ എല്‍സാ, കേഫാ എന്നിവര്‍ മക്കളാണ്.