ഐപിഎലിൽ ചെന്നൈ സൂപ്പർ കിങ്സിലുള്ള സഞ്ജു സാംസന്റെ അരങ്ങേറ്റത്തിനു കാത്തിരിക്കുകയാണ് ആരാധകർ. ട്വന്റി20 ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന്റെ തുടർച്ച ഐപിഎലിലും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
ടീമിൽ സഞ്ജുവിന്റെ റോൾ എന്താകുമെന്ന് സംബന്ധിച്ചും ചർച്ചകൾ പലതും നടക്കുന്നുണ്ട്. ഓപ്പണിങ് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ച താരം വിക്കറ്റ് കീപ്പറാകുമോ എന്നതാണ് പ്രധാന ചോദ്യം. എം എസ് ധോണിയുള്ള ടീമിൽ ഗ്ലൗസ് ആരുടെ കയ്യിലാകും എന്നത് കണ്ട് തന്നെ അറിയണം.
ഇതിനിടയിൽ മുൻ ചെന്നൈ താരം കൂടിയായ രവിചന്ദ്രൻ അശ്വിന്റെ എക്സ് പോസ്റ്റ് കൂടെ ചർച്ചയാകുന്നുണ്ട്. ഫീൽഡിങ് കോച്ച് ജെയിംസ് ഫോസ്റ്ററുടെ മേൽനോട്ടത്തിൽ ബൗണ്ടറിയിൽ ക്യാച്ചിങ് പരിശീലനം നടത്തുന്ന സഞ്ജുവിന്റെ ചിത്രങ്ങളാണ് അശ്വിൻ പങ്കുവച്ചത്.
പുതുതായി സിഎസ്‌കെയിലെത്തിയ താരം കീപ്പിങ് ഗ്ലൗസുകൾ ഇല്ലാതെ ഹൈ ക്യാച്ചുകൾ പരിശീലിക്കുകയാണെന്ന് അശ്വിൻ ചിത്രത്തോടൊപ്പം കുറിച്ചു. ഈ പരിശീലനങ്ങൾ എന്തെങ്കിലും തന്ത്രപരമായ സൂചനയാണോ അതോ സാധാരണ പ്രീ-സീസൺ തയാറെടുപ്പാണോ എന്നും അശ്വിൻ അദ്ഭുതപ്പെട്ടു.
ഐപിഎലിൽ എം.എസ്.ധോണി, ഇംപാക്ട് പ്ലെയറായി കളിക്കാൻ തീരുമാനിച്ചെങ്കിൽ മാത്രമേ സഞ്ജു വിക്കറ്റ് കീപ്പറാകാൻ സാധ്യതയുള്ളൂ. അല്ലെങ്കിൽ ഇത്തവണയും ‘തല’ തന്നെയാകും വിക്കറ്റിനു പിന്നിൽ. സഞ്ജു സാംസണോടൊപ്പം അണ്ടർ–19 ക്യാപ്റ്റൻ ആയുഷ് മാത്രേയാകും ഓപ്പണങ്ങിൽ ചെന്നൈയുടെ കൂട്ടുകെട്ട്. രാജസ്ഥാൻ റോൽസിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞെത്തിയ സഞ്ജുവിന് ചെന്നൈ വൈസ് ക്യാപ്റ്റൻ സ്ഥാനമടക്കം എന്തെങ്കിലും നൽകുമോ എന്ന കാര്യം കണ്ടറിയണം.



