ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട മൊൻ ത ചുഴലിക്കാറ്റ് കരതൊട്ടതിന് പിന്നാലെ ആന്ധ്രപ്രദേശിൽ ജനജീവിതം സ്തംഭിച്ചു . മഴക്കെടുതിയിൽ നാല് പേർ മരിച്ചതായാണ് വിവരം. തീവ്രചുഴലിക്കാറ്റായിരുന്ന മോൻതയുടെ തീവ്രത കുറഞ്ഞ് വെറും ചുഴലിക്കാറ്റ് ആയി മാറി. ആന്ധ്രയിലെ മച്ചലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയിലായി രാത്രി 12.30 ഓടെയാണ് മോൻത തീരംതൊട്ടത്. റോഡ്, റെയിൽ ഗതാഗതത്തെ ചുഴലിക്കാറ്റ് സാരമായി ബാധിച്ചു. ആന്ധ്രയിൽ 12 ജില്ലകളിൽ കനത്തമഴ തുടരുകയാണ്. ജില്ലകളിൽ റെഡ് അലേർട്ടാണ്. പതിനായിരത്തോളം പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
മൊൻ ത ഒഡീഷ തീരം ലക്ഷ്യമിട്ട് നീങ്ങുകയാണ്. ഇതോടെ ഒഡീഷയിലും തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്. ഛത്തീസ്ഗഡ്, കർണാടക, കേരളം, തമിഴ്നാട്, ഝാർഖണ്ഡ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലാണ് യെല്ലോ അലേർട്ട്. അറബിക്കടലിലെ തീവ്രന്യൂന മർദത്തിന്റെ സ്വാധീന ഫലമായാണ് കേരളത്തിലും മഴ സജീവമാകുന്നത്. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.



