കുന്നംകുളം സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ 279-ാമത് തിരുനാള്‍ മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ തുടക്കം. ജനുവരി 10, 11, 12 തീയതികളിലായാണ് തിരുനാള്‍ ആഘോഷിക്കുന്നത്. ശനിയാഴ്ച രാവിലെ തൃശൂര്‍ അതിരൂപത വികാരി ജനറാള്‍ ഫാ. ജെയ്‌സണ്‍ കൂനംപ്ലാക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന കൂടുതുറക്കല്‍ ശുശ്രൂഷയോടെയാണ് പ്രധാന തിരുനാള്‍ ദിനങ്ങള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് വൈകീട്ട് അമ്പ്, കിരീടം, തിരുശേഷിപ്പ് എഴുന്നള്ളിപ്പും സംയുക്ത മേളവും വര്‍ണ്ണമഴയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ പ്രസുദേന്തി വാഴ്ചയും ആഘോഷമായ തിരുനാള്‍ കുര്‍ബാനയും നടന്നു.
ഭരണങ്ങാനം എം.എസ്.ടി മൈനര്‍ സെമിനാരി പ്രൊഫസര്‍ ഫാ. ജിജോ കൊട്ടക്കാവില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ഫാ. ജോസഫ് ബ്രഹ്‌മകുളം തിരുനാള്‍ സന്ദേശം നല്‍കി. തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് അസി. ഡയറക്ടര്‍ ഫാ. ജിജോ മാളിയേക്കല്‍ സഹകാര്‍മ്മികനായി. വൈകീട്ട് 4 മണിക്ക് വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ. ജിമ്മി പൊന്നത് എസ്.ഡി.ബി കാര്‍മ്മികത്വം വഹിക്കും. തുടര്‍ന്ന് നഗരവീഥികളെ ഭക്തിസാന്ദ്രമാക്കിയുളള തിരുനാള്‍ പ്രദക്ഷിണം, വര്‍ണ്ണമഴ, ബാന്‍ഡ് വാദ്യ മത്സരം എന്നിവയും നടക്കും.



