സമ്മര്‍ദ തന്ത്രവുമായി അമേരിക്ക; ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങള്‍ക്ക് 25% അധിക തീരുവ പ്രഖ്യാപിച്ച് ട്രംപ്

ഇറാനുമായി വാണിജ്യ ബന്ധമുള്ള രാജ്യങ്ങൾക്കുമേൽ 25 ശതമാനം തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ മൂന്നാം ആഴ്ചയിലേക്ക് കടക്കുന്ന സാഹചര്യത്തിൽ ഈ നീക്കം ഇറാന് സമ്മർദമുണ്ടാക്കിയേക്കും. ഈ അധിക തീരുവ ഉടൻ പ്രാബല്യത്തിൽ വരും എന്ന് ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇറാനിൽ സൈനിക നടപടിക്ക് മടിക്കില്ലെന്ന പ്രതികരണത്തിന് പിന്നാലെയാണ ട്രംപിന്‍റെ തീരുവ പ്രഖ്യാപനം. അതേസമയം, അമേരിക്കയുമായി യുദ്ധത്തിന് പോലും തയ്യാറാണെങ്കിലും ചർച്ചകൾക്കും സന്നദ്ധമാണെന്നാണ് ഇറാന്‍റെ നിലപാട്. പരസ്പര ബഹുമാനത്തോടെയാകണം ച‍ർച്ചകളെന്നാണും ഇറാൻ വ്യക്തമാക്കുന്നു. സൈനിക നടപടി ആലോചിക്കുന്നുവെന്ന അമേരിക്കൻ പ്രസിഡന്‍റിന്‍റെ പ്രസ്താവനയോടാണ് ഇറാന്‍റെ പ്രതികരണം. ട്രംപിന്‍റെ പ്രസ്താവനകൾ പ്രക്ഷോഭകാരികൾക്ക് പ്രോത്സാഹനമാകുന്നുവെന്നാണ് ആരോപണം. ഇതിനിടെ, ഇറാനിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ അനുസ്മരിച്ച് ദേശീയ ദുഃഖാചരണം നടത്തുമെന്നും സർക്കാർ വ്യക്തമാക്കി. സുരക്ഷാ സേനയിലെ നൂറിലേറെ പേർ കൊല്ലപ്പെട്ടനാന്നാണ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, രാജ്യത്തെ പ്രക്ഷോഭങ്ങളെ തുടർന്നുള്ള സമ്മർദം മറികടക്കാൻ ഇറാനിൽ നീക്കങ്ങൾ സജീവമാണ്. തലസ്ഥാനമായ ടെഹറാനിൽ വൻ ഭരണകൂട അനുകൂല റാലി നടന്നു. റാലിയിൽ 10 ലക്ഷത്തിൽ അധികംപേർ പങ്കെടുത്തതായാണ് മാധ്യമ റിപ്പോർട്ടുകൾ. ഷാ വംശത്തിലെ അനന്തരാവകാശിയായ റിസ പഹ്ലവിക്കെതിരെയും മുദ്രാവാക്യങ്ങൾ റാലിയിൽ ഉയർന്നു. ടെഹ്റാനിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.പ്രധാന കേന്ദ്രങ്ങളിലും പ്രദേശങ്ങളിലുമായി പൊലീസ് പട്രോളിംഗ് വർധിപ്പിച്ചിട്ടുണ്ട്. ഇറാനിലെ പ്രതിഷേധക്കാർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ലണ്ടനിലെ ഇറാൻ എംബസിക്ക് പുറത്ത് പ്രതിഷേധം നടന്നിരുന്നു. ലണ്ടനിലെ ഇറാനിയൻ എംബസിക്ക് പുറത്ത് സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുകയും ഇറാനിയൻ പതാകകളുടെ ചിത്രങ്ങൾ കത്തിക്കുകയും ചെയ്തു.
ADVERTISEMENT