ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ.കസ്തൂരിരംഗന്‍ (84)അന്തരിച്ചു

ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ഡോ.കസ്തൂരിരംഗന്‍ (84)അന്തരിച്ചു. ബെംഗളൂരുവിലായിരുന്നു അന്ത്യം. കൊച്ചിയില്‍ ചിറ്റൂര്‍ റോഡിലെ സമൂഹത്ത് മഠത്തില്‍ കൃഷ്ണസ്വാമിയുടെയും വിശാലാക്ഷിയുടെയും മകനായി 1940 ഒക്ടോബര്‍ 24-നായിരുന്നു ജനനം. ഒന്‍പതു വര്‍ഷക്കാലം ഐ.എസ്.ആര്‍.ഒയുടെ മേധാവിയായിരുന്നു. സ്‌പേസ് കമ്മീഷന്‍, കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശ വകുപ്പ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.1994 മുതല്‍ 2003 വരെ ഒന്‍പത് വര്‍ഷം ഐഎസ്ആര്‍ഒ ചെയര്‍മാനായി സേവനമനുഷ്ഠിച്ചു. അദ്ദേഹം ഐ.എസ്.ആര്‍.ഒ ചെയര്‍മാനായിരിക്കുമ്പോഴാണ് ഇന്ത്യയുടെ ചന്ദ്രയാത്രാപദ്ധതിയുടെ പ്രാരംഭ ആലോചന നടക്കുന്നത്. 2003 ഓഗസ്റ്റ് 27-ന് വിരമിച്ചു. തുടര്‍ന്ന് 2003 മുതല്‍ 2009 വരെ രാജ്യസഭാ എം.പി.യായി. രാജ്യം പദ്മശ്രീ, പദ്മഭൂഷണ്‍, പദ്മവിഭൂഷണ്‍ ബഹുമതികള്‍ നല്‍കി ആദരിച്ചു. ഇന്ത്യയുടെ പ്ലാനിങ് കമ്മിഷന്‍ അംഗവും ഐഎസ്ആര്‍ഒ സാറ്റലൈറ്റ് സെന്റര്‍ ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.പശ്ചിമഘട്ട സംരക്ഷണം മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം കസ്തൂരിരംഗന്റെ നേതൃത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തിലെ പരിഷ്‌കാരങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചതും അദ്ദേഹമായിരുന്നു.

ADVERTISEMENT