കേരളത്തിലെ ആദ്യത്തെ വനിതാ ഫോറന്‍സിക് സര്‍ജന്‍ ഡോ. ഷേര്‍ളി വാസു(68) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി
കേസുകള്‍ തെളിയിക്കാന്‍ വഴിയൊരുക്കിയത് ഡോ. ഷേര്‍ളി വാസുവായിരുന്നു.
രാവിലെ 11.30 ഓടെ കോഴിക്കോട് മായനാട്ടെ വീട്ടില്‍ കുഴഞ്ഞു വീണ ഡോ. ഷേര്‍ളി വാസുവിനെ തൊട്ടടുത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസംവരെ കെഎംസിടി മെഡിക്കല്‍ കോളേജില്‍ ജോലിക്ക് എത്തിയിരുന്നു.
തൃശ്ശൂര്‍ മെഡിക്കല്‍കോളജ് പ്രിന്‍സിപ്പലായിരിക്കെ 2016ലാണ് വിരമിച്ചത്. തുടര്‍ന്ന് കോഴിക്കോട് കെഎംസിടി മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് വിഭാഗം മേധാവിയായി ജോലിചെയ്ത് വരികയായിരുന്നു. ചേകന്നൂര്‍ മൗലവി കേസ്, ഷൊര്‍ണൂര്‍ സൗമ്യ വധക്കേസ് തുടങ്ങി സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച പല കേസുകളിലും പോസ്‌മോര്‍ട്ടം നടത്തിയത് ഡോക്ടര്‍ ഷേര്‍ലി വാസുമായിരുന്നു. ഫൊറന്‍സിക് സര്‍ജന്‍ എന്ന നിലയില്‍ ഷെര്‍ലി വാസുവിന്റെ കണ്ടെത്തലുകള്‍ കുറ്റാന്വേഷണത്തില്‍ പൊലീസ് സംഘത്തിന് ഏറെ സഹായകരമായിരുന്നു.
1956ല്‍ തൊടുപുഴയില്‍ ജനിച്ച ഷേര്‍ളി വാസു കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നും എംബിബിഎസ് നേടി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് ഫൊറന്‍സിക് മെഡിസിനില്‍ എംഡി ബിരുദവും കരസ്ഥമാക്കി. സംസ്ഥാന വനിതാ രത്നം പുരസ്‌കാരമായ ജസ്റ്റീസ് ഫാത്തിമ ബീവി അവാര്‍ഡ് നല്‍കി 2017ല്‍ സംസ്ഥാനം ആദരിച്ചു. പോസ്റ്റ്മോര്‍ട്ടം ടേബിള്‍ എന്ന ഗ്രന്ഥവും ഡോ. ഷേര്‍ളി വാസു രചിച്ചിട്ടുണ്ട്.