ചാലിശേരിയില്‍ നാലു തലമുറയുടെ ആയുര്‍വ്വേദ പൈതൃകത്തിലെ പാരമ്പര്യവൈദ്യന്‍ സി.വി മണികണ്ഠനെ ചാലിശേരി ജിസിസി ക്ലബ്ബ് ആദരിച്ചു.പാരമ്പര്യ ചികില്‍സയില്‍ തലമുറകളുടെ പാത പിന്‍തുടര്‍ന്ന മണികണ്ഠന്‍ വൈദ്യര്‍ ആയിരങ്ങള്‍ക്കാണ് ആശ്വാസം പകര്‍ന്നത്.
ചാലിശേരി ഗ്രാമത്തിലെ അറിയപ്പെടുന്ന പാരമ്പര്യ വൈദ്യനായിരുന്ന പിതാവ് വാസുവൈദ്യരില്‍ നിന്നാണ് ഏറെ ചെറുപ്രായത്തില്‍ മണികണ്ഠന്‍ പാരമ്പര്യ ചികില്‍സയുടെ ബാലപാഠങ്ങള്‍ പഠിച്ചത്. തുടര്‍ന്ന് കുന്നംകുളം പുതുശേരിയില്‍ അച്ചന്റെ അമ്മാവന്‍ കുഞ്ഞിപ്പുവൈദ്യരുടെ പക്കലെത്തി നീണ്ട അഞ്ച് വര്‍ഷം ചികില്‍സ രീതികളെക്കുറിച്ച് കണ്ടും , കേട്ടും , കുറിച്ചും ചികില്‍സാ രീതികള്‍ പഠിച്ചു.പിതാവിന്റെ അറക്കലിലുള്ള നവോദയ വൈദ്യശാലയിലെത്തി മണികണ്ഠന്‍ മരുന്നുകള്‍ നല്‍കാനും മറ്റും കടയില്‍ സജീവമായി.ചികില്‍സയെ സേവനമാക്കി മാറ്റിയ നാലു തലമുറകളുടെ പാരമ്പര്യം കൈമുതലാക്കി ഇദ്ദേഹം 1997 ല്‍ നവോദയ വൈദ്യശാലയുടെ മറ്റൊരു സ്ഥാപനം മെയിന്‍ റോഡ് സെന്ററില്‍ ആരംഭിച്ചു.ഗ്രാമത്തില്‍ അസാധ്യമെന്ന് തോന്നിയ രോഗങ്ങള്‍ക്ക് വിശ്വാസം പകരുന്ന കേന്ദ്രമായി നവോദയ വൈദ്യശാല വളര്‍ന്നു.