ഗുരുവായൂരില്‍ ചരിത്രമുഹൂര്‍ത്തം

 

ഇന്ന് ക്ഷേത്ര നടയില്‍ നടന്ന വിവാഹങ്ങള്‍ സര്‍വ്വകാല റെക്കോര്‍ഡായി. 356 വിവാഹങ്ങളാണ് ഇന്ന് ക്ഷേത്രത്തില്‍ ശീട്ടാക്കിയിരുന്നത്. രാവിലെ 11 മണിയാകുമ്പോഴേക്കും 320 വിവാഹങ്ങള്‍ നടന്നു. ക്ഷേത്രത്തില്‍ ഉച്ചപൂജയ്ക്ക് നടയടക്കുന്നത് വരെ വിവാഹങ്ങള്‍ നടത്താം. 2017 ഓഗസ്റ്റ് 26ന് 277 വിവാഹങ്ങള്‍ നടന്നതാണ് റെക്കോര്‍ഡ്. ക്ഷേത്രനടയില്‍ യാതൊരുവിധ തിരക്കും അനുഭവപ്പെടാത്ത രീതിയിലാണ് വിവാഹങ്ങള്‍ നടന്നത്. തൊഴാനുള്ള ഭക്തരെ ദീപസ്തംഭത്തിന് അടുത്തേക്ക് പ്രവേശിപ്പിച്ചില്ല. ഇതോടെ കിഴക്കേനടപ്പുരയില്‍ വിവാഹമണ്ഡപങ്ങള്‍ വരെ ഒഴിഞ്ഞു കിടന്നു. ടോക്കണ്‍ നല്‍കിയ വിവാഹസംഘങ്ങള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം വഴി മണ്ഡപങ്ങള്‍ക്ക് അടുത്തെത്തി. താലികെട്ട് കഴിഞ്ഞവര്‍ ദീപസ്തംഭത്തിന് മുന്നിലൂടെ തെക്കേ നടവഴി പുറത്തിറങ്ങി. തിരക്ക് കണക്കിലെടുത്ത് കര്‍ശന നിയന്ത്രണങ്ങളാണ് ക്ഷേത്ര പരിസരത്ത് ഒരുക്കിയിരുന്നത്.