ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയിലെ കത്താറയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പ്രധാന നേതാക്കളെല്ലാം സുരക്ഷിതരാണെന്നാണ് ഹമാസ് വ്യക്തമാക്കുന്നത്. ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം ആറ് പേർ കൊല്ലപ്പെട്ടതായാണ് ഹമാസ് വ്യക്തമാക്കിയിരിക്കുന്നത്. കൊല്ലപ്പെട്ടവരിൽ ഖാലിദ് അൽ-ഹയ്യയുടെ മകനും അടുത്ത സഹായിയും ഉൾപ്പെടുന്നതായാണ് റിപ്പോർട്ട്. ആക്രമണം നടക്കുമ്പോൾ ഹമാസിൻ്റെ പ്രധാന നേതാക്കൾ ഇസ്രയേൽ ലക്ഷ്യം വെച്ച കെട്ടിടത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. അധിനിവേശത്തിന്റെ ക്രിമിനൽ സ്വഭാവവും ഒരു കരാറിലെത്താനുള്ള സാധ്യതകളെ ദുർബലപ്പെടുത്താനുള്ള ഇസ്രയേലിൻ്റെ ആഗ്രഹവും വെളിപ്പെടുത്തുന്നതാണ് ഇസ്രയേലിൻ്റെ ആക്രമണമെന്നും ഹമാസ് കുറ്റപ്പെടുത്തി. ഇതിനിടെ ഖത്തറിൻ്റെ തലസ്ഥാനമായ ദോഹയ്ക്ക് സമീപം ആക്രമണം നടത്തിയത് ഇസ്രയേലാണെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്ഥരീകരിച്ചിരുന്നു. ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇസ്രയേൽ ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്നും ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് വ്യക്തമാക്കുന്നുണ്ട്. ഹമാസ് നേതൃത്വത്തിനെതിരെ ഇന്ന് നടന്ന ഓപ്പറേഷൻ പൂർണ്ണമായും ഇസ്രയേൽ നടത്തിയതാണെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവന വ്യക്തമാക്കുന്നത്. ‘ഇസ്രയേലാണ് അതിന് മുൻകൈ എടുത്തത്, ഇസ്രയേലാണ് നടപ്പിലാക്കിയത്, ഇസ്രയേൽ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുക്കുന്നുവെന്നും’ പ്രസ്താവന വ്യക്തമാക്കുന്നുണ്ട്. ഖത്തറിൽ നടത്തിയ ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്രയേൽ ഡിഫൻസ് ഫോഴ്സും രംഗത്ത് വന്നിരുന്നു. ദോഹയിലെ ഹമാസ് നേതൃത്വത്തെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തിൽ സാധാരണ പൗരന്മാർക്ക് പരിക്കേൽക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നുവെന്നും ഐഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഖത്തർ രൂക്ഷമായ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. താമസസ്ഥലങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നാണ് ഖത്തർ വ്യക്തമാക്കുന്നത്. ഭീരുത്വപൂർണ്ണമായ സമീപനമാണ് ഇസ്രയേലിൻ്റെ ആക്രമണം എന്നും ഖത്തർ വിമർശിച്ചിട്ടുണ്ട്. അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേൽ നടത്തിയിരിക്കുന്നതെന്നും ഖത്തർ കുറ്റപ്പെടുത്തി. ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന രാജ്യമാണ് ഖത്തർ. ഖത്തർ തലസ്ഥാനമായ ദോഹയിൽ നിരവധി സ്ഫോടനങ്ങൾ നടന്നതായി നേരത്തെ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ ആക്രമണം നടത്തിയെന്നായിരുന്നു റിപ്പോർട്ട്. ദോഹയിൽ ആക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചിരുന്നു. വെടിനിർത്തൽ ചർച്ചകൾക്കായി ഖത്തറിലെത്തിയ ഹമാസ് നേതാക്കളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടതെന്നായിരുന്നു റിപ്പോർട്ട്. ദോഹയ്ക്ക് സമീപമുള്ള കത്താറയിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ഖത്തറിൻ്റെ സാംസ്കാരിക കേന്ദ്രം എന്നറിയപ്പെടുന്ന കത്താറയിൽ കറുത്ത പുക ഉയന്നതായിട്ടായിരുന്നു റിപ്പോർട്ട്. ഹമാസിൻ്റെ രാഷ്ട്രീയകാര്യ സമിതിയിലെ പ്രധാന നേതാക്കളായ ഖലീൽ അൽ ഹയ്യ അടക്കം ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. ഇസ്രയേലുമായുള്ള വെടിനിർത്തൽ ചർച്ചയ്ക്ക് നേതൃത്വം നൽകുന്നത് ഖലീൽ അൽ ഹയ്യയാണ്. ഇതിനിടെ പ്രധാന നേതാക്കൾ സുരക്ഷിതരാണെന്നാണ് ഹമാസ് അവകാശപ്പെടുന്നത്.