ബാലരാമപുരം കൊലപാതകം; മുമ്പും പ്രതി കുഞ്ഞിനെ മർദ്ദിച്ചിരുന്നു, ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞ് കൊന്ന പ്രതി ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിലവിൽ അമ്മാവനായ ഹരികുമാറിന് മാത്രമേ കൊലപാതകത്തിൽ പങ്കുള്ളൂവെന്നാണ് പൊലീസിൻ്റെ നിഗമനം. നേരത്തെയും പ്രതി ഈ കുഞ്ഞിനെ മർദ്ദിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കോടതിയിൽ ഹാജരാക്കുന്ന പ്രതിയെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ആവശ്യപ്പെടും. തുടർന്നായിരിക്കും സംഭവം നടന്ന വീട്ടിലെത്തിച്ച് തെളിവെടുക്കുക. കുറ്റം ചെയ്തെന്ന് സമ്മതിച്ചെങ്കിലും അതിന്റെ കാരണം പ്രതി മാറ്റി പറയുന്നതിനാൽ പൊലീസ് ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.

അതേസമയം, അമ്മ ശ്രീതുവിനെ വിട്ടയച്ചെങ്കിലും വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യും. നിലവിൽ ശ്രീതു പൂജപ്പുര വനിതാ മന്ദിരത്തിലാണ്. കൂട്ടിക്കൊണ്ട് പോകാൻ ആരും എത്താത്തതിനാലാണ് വനിതാ മന്ദിരത്തിലേക്ക് മാറ്റിയത്.

തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞുകൊന്നതാണെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. കുഞ്ഞിനെ കൊലപ്പെടുത്താൻ അമ്മ ശ്രീതുവിന്റെ സഹായം ഇയാൾക്ക് ലഭിച്ചതായും സൂചനയുണ്ട്. ശ്രീതുവിന്റെ ഫോൺ പരിശോധിച്ചതിൽ നിന്ന് സഹോദരൻ ഹരികുമാറുമായുള്ള ചാറ്റുകളിൽ നിന്ന് നിർണായക വിവരം ലഭിച്ചെന്നും റിപ്പോർട്ടുണ്ട്.

ശ്രീതുവിന്റെ മൊഴിയിൽ തുടക്കത്തിൽ തന്നെ വൈരുദ്ധ്യമുണ്ടായിരുന്നു. അച്ഛനൊപ്പമായിരുന്നു കുട്ടിയെ ഉറക്കാൻ കിടത്തിയതെന്നായിരുന്നു ശ്രീതു നൽകിയ മൊഴി. എന്നാൽ അച്ഛൻ ശ്രീജിത്തിനെ ചോദ്യം ചെയ്തപ്പോൾ അമ്മയ്‌ക്കൊപ്പമായിരുന്നു കുട്ടിയെന്നായിരുന്നു വെളിപ്പെടുത്തൽ. മൊഴിയിലെ വൈരുദ്ധ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. സാമ്പത്തിക ബാധ്യതയ്ക്ക് അപ്പുറം മറ്റെന്തൊക്കെയോ വിഷയമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

Content summary : Harikumar will be present in the court today in balaramapuram case

ADVERTISEMENT