വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു. പാറന്നൂര്‍ കളത്തിപറമ്പില്‍ വേലായുധന്‍ മകന്‍ മുരളി(56)യാണ് മരിച്ചത്. കഴിഞ്ഞ 22ാം തിയ്യതി രാത്രി 9.15ന്. പാറന്നൂര്‍ ബസ് സ്റ്റോപ്പിനടുത്ത് വെച്ച് അമിത വേഗത്തില്‍ വന്ന ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് വെന്റലേറ്ററില്‍ കഴിയുന്നതിനിടെ ഞായറാഴ്ച്ച വൈകീട്ടാണ് അന്ത്യം സംഭവിച്ചത്. അപകടത്തെ തുടര്‍ന്ന് വാഹനം നിറുത്താതെ പോകുകയും, പിന്നീട് നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ച് പോലീസ് ടിപ്പര്‍ ലോറി കണ്ടെത്തുകയും ചെയ്തിരുന്നു. തൃശൂര്‍-കുറ്റിപ്പുറം സംസ്ഥാന പാതയുടെ നവീകരണ പ്രവര്‍ത്തികള്‍ക്കായി ഓടുന്നതിനായി എത്തിയ KL 40 D 3431 എന്ന വാഹനമാണ് മുരളിയെ ഇടിച്ച് തെറിപ്പിച്ചത്. അപകടം സംഭവിച്ചിട്ടും തൊട്ടടുത്ത ദിവസവും റോഡ് പണിക്കായി ഓടിയ വാഹനത്തിന്റെ ഡ്രൈവര്‍ പാലക്കാട് മുണ്ടപല്ലൂര്‍ കുന്നുപറമ്പില്‍ വിനോദിനെയും കസ്റ്റഡിയിലെടുത്തിരുന്നു. മുരളിയുടെ മൃതദ്ദേഹം പോസ്റ്റ് മാര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച് തിങ്കളാഴ്ച, മൂന്നുമണിക്ക് സംസ്‌ക്കാരം നടത്തും. സുജാതയാണ് മുരളിയുടെ ഭാര്യ, അതുല്‍, അര്‍ഷ എന്നിവര്‍ മക്കളാണ്.



